ആലപ്പുഴ: കൊവിഡിനെത്തുടർന്ന് ഒരു വർഷത്തിലേറെയായി വീടുകളിൽ കഴിയുന്ന ഭിന്നശേഷി വിഭാഗക്കാരായ കുട്ടികളുടേയും അമ്മമാരുടേയും മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും ഒഴിവാക്കാനായി മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'വർണ്ണ ശലഭങ്ങൾ' പദ്ധതിക്ക് തുടക്കമായി. ഓൺലൈൻ വഴി കുട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടു വന്ന് ആവശ്യമായ കൗൺസിലിംഗ് നൽകുന്നതിനോടൊപ്പം വിനോദ പരിപാടികളും ഉൾക്കൊള്ളുന്നതാണ് വർണ്ണ ശലഭങ്ങൾ. പഞ്ചായത്ത് പരിധിയിലുള്ള ബഡ്സ് സ്കൂളിലെ അദ്ധ്യാപകർ തന്നെയാണ് പരിപാടികൾക്ക് മേൽനോട്ടം വഹിക്കുന്നത്.
ഡാൻസ്, പാട്ട്, ചിത്രരചന എന്നിവയുൾപ്പെടെയുള്ള വിനോദ പരിപാടികൾ അവതരിപ്പിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സംഗീത പറഞ്ഞു. പഞ്ചായത്ത് പരിധിയിൽ ഒരു ബഡ്സ് സ്കൂളാണുള്ളത്. 42 കുട്ടികളുണ്ട്. അമ്മമാർക്കായി പ്രത്യേക ക്ലാസുകളും പരിപാടിയുടെ ഭാഗമായി നൽകും.