അമ്പലപ്പുഴ: തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിൽ മത്സ്യബന്ധനവും വിപണനവും ഇന്നു മുതൽ ആരംഭിക്കും. ഇതു തുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ എച്ച്. സലാം എം.എൽ.എ വിലയിരുത്തി. കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായി പാലിച്ചാകും ഹാർബർ കേന്ദ്രീകരിച്ചുള്ള മത്സ്യബന്ധനവും വിപണനവും. ഇതിനായി ഹാർബറിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാവശ്യമായ നടപടി കൈക്കൊള്ളാൻ ഹാർബർ, ഫിഷറീസ്, മത്സ്യഫെഡ്, പഞ്ചായത്ത് ഭാരവാഹികൾ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവരുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. യോഗ തീരുമാനപ്രകാരം ഹാർബറിന്റെ വായ് മുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്ന പ്രവൃത്തികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. വലിയ ഹിറ്റാച്ചിയുടെ സഹായത്തോടെയാണ് ഈ മണൽ നീക്കുന്നത്. പൊഴിയുടെ ആഴം കൂട്ടി ഒഴുക്കു വർദ്ധിപ്പിക്കാൻ ഡ്രഡ്ജറും എത്തിച്ചിട്ടുണ്ട്. ലൈലാൻഡ് വള്ളങ്ങൾ ഒഴികെയുള്ള കാരിയർ വള്ളങ്ങളിൽ മത്സ്യം എത്തിച്ചാകും ഹാർബറിൽ വില്പന നടത്തുന്നത്. തദ്ദേശീയരുടെ മത്സ്യവും ഇവിടെ വിൽക്കാനാവും.
രാവിലെ 7 മുതൽ 2 വരെയാണ് വില്പന. ജില്ലയ്ക്ക് പുറത്തു നിന്നുള്ള വ്യാപാരികൾ ആർ.ടി.പി.സി ആറും ജില്ലയ്ക്കകത്തുള്ള വ്യാപാരികൾ ആൻ്റിജൻ പരിശോധനാ ഫലവും ഹാജരാക്കണം. ലേലം ഒഴിവാക്കി മത്സ്യത്തൊഴിലാളികൾക്ക് സഹായകരമായ വിധമാണ് കച്ചവടം. അനാവശ്യ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് ഹാർബറിൽ പൊലീസിൻ്റെ കർശന നിയന്ത്രണമുണ്ടാകും. എം.എൽ.എയ്ക്കൊപ്പം ഹാർബർ എൻജിനീയറിംഗ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ, മത്സ്യഫെഡ്, ഫിഷറീസ് അധികൃതർ, പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദർശനൻ, വൈസ് പ്രസിഡൻ്റ് വി.എസ്. മായാദേവി, പഞ്ചായത്തംഗങ്ങൾ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരും ഉണ്ടായിരുന്നു.