ചേർത്തല: ശക്തമായ പ്രതിരോധവും നിയന്ത്റണവും ഏർപ്പെടുത്തിയിട്ടും താലൂക്കിൽ കൊവിഡ് വ്യാപനത്തിന് കുറവില്ല. വെള്ളിയാഴ്ച മാത്രം താലൂക്കിൽ 346 പുതിയ രോഗികളുണ്ടായി. പല പഞ്ചായത്തുകളിലും ടെസ്​റ്റ് പോസി​റ്റിവി​റ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ മുകളിലാകുന്നതാണ് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നത്.

പല പഞ്ചായത്തുകളിലും രോഗികളുടെ എണ്ണം കൂടുന്നുണ്ട്. 56 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച വയലാർ പഞ്ചായത്താണ് മുന്നിൽ. ഇതോടെ ഇവിടെ ആകെ രോഗികളുടെ എണ്ണം 273 ആയി. ആറു വാർഡുകളിൽ നിയന്ത്റണം ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചയോളമായി രോഗവ്യാപനം ശക്തമായ പള്ളിപ്പുറത്ത് വെള്ളിയാഴ്ച മാത്രം 39 രോഗികളായി. ചേർത്തല നഗരസഭ 34, തണ്ണീർമുക്കം 25 എഴുപുന്ന 24, അരൂർ 24, ചേർത്തല തെക്ക് 21, തൈക്കാട്ടുശ്ശേരി 20, മുഹമ്മ 17, കുത്തിയതോട് 15 എന്നിവിടങ്ങളിലും വ്യാപനം നിയന്ത്റണ ഘട്ടത്തിലെത്തിയിട്ടില്ല. എല്ലായിടത്തും കർശന നിയന്ത്റണം തുടരുമെന്ന് പൊലീസ് അറിയിച്ചു.