കുട്ടനാട്: കൈനകരി -മീനപ്പള്ളി- വലിയകരി പാടശേഖരത്ത് നിറഞ്ഞ വെള്ളം ഡ്രഡ്ജർ ഉപയോഗിച്ച് വറ്റിക്കാനുള്ള പഞ്ചായത്തുതല പരിശ്രമം വിജയിച്ചതോടെ നാട്ടിലെ വെള്ളപ്പൊക്ക ദുരിതത്തിന് ആശ്വാസമാകുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വീടുകളിലെയും പുരയിടയിടങ്ങളിലെയും വെള്ളം വറ്റിക്കാനാവുമെന്നാണ് പ്രതീക്ഷ.
കൃഷി, ജലവിഭവ വകുപ്പുകളെ യോജിപ്പിച്ചുകൊണ്ട് പഞ്ചായത്ത് നടത്തിയ ശ്രമം ഇന്നലെയാണ് ലക്ഷ്യത്തിലെത്തിയത്. ജലവിഭവ വകുപ്പ് ആലപ്പുഴ മെക്കാനിക്കൽ വിംഗിൽ നിന്നു വിട്ടുനൽകിട്ടിയ ഡ്രഡ്ജർ കഴിഞ്ഞ ദിവസം രാത്രിയോടെ കൈനകരിയിൽ എത്തിക്കുകയും പിന്നീട് കുപ്പപ്പുറം സ്കൂളിനു തെക്ക് വശത്തെ ബണ്ടിൽ കൊണ്ടുവന്ന് വെള്ളം വറ്റിക്കൽ ആരംഭിക്കുകയുമാായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ്, വൈസ് പ്രസിഡന്റ് പ്രസീദ മിനിൽകുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എ. പ്രമോദ്, സബിത മനു, വാർഡ് മെമ്പർ ശാലിനി ലൈജു, പാടശേഖര ഭാരവാഹികളായ ടി.എം. ഷാജി, ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.