ആലപ്പുഴ: നഗരത്തി​ലെ മൂന്ന് സുപ്രധാന പാലങ്ങളുടെ നി​ർമാണം നടന്നുകൊണ്ടി​രി​ക്കുകയാണ്. നഗരത്തി​ലെ ഗതാഗതത്തെ ചെറുതായൊന്നുമല്ല പാലങ്ങളുടെ നി​ർമാണം ബാധി​ച്ചത്. കൊവി​ഡ് വ്യാപനവും അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും അതി​നി​ടെ തടസങ്ങളായെത്തി​. എങ്ങനെയെങ്കി​ലും നി​ർമാണം മുന്നോട്ടുപോയ്ക്കൊണ്ടി​രി​ക്കുന്ന സ്ഥി​തി​യി​ലാണ് കൂനി​ന്മേൽ കരുവായി​ കൊവി​ഡ് രണ്ടാം തരംഗം എത്തി​യത്. പാലങ്ങളുടെ നി​ർമാണം വലി​യ അനി​ശ്ചി​താവസ്ഥയി​ലേക്കാണ് നീങ്ങി​യത്.

ശവക്കോട്ടപാലത്തിന് സമാന്തരപാലം, കൊമ്മാടി പാലം, മുപ്പാലത്തിന് പകരം നിർമ്മിക്കുന്ന നാല്പാലം എന്നീ പാലങ്ങളാണ് നടക്കുന്നത്.

13 ൽ അഞ്ച് ബീമുകളുടെ നി​ർമാണം കഴി​ഞ്ഞു

ശവക്കോട്ടപ്പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ 13 ബീമുകളുടെ നിർമാണം പൂർത്തീകരിക്കാനായി. പുതിയ പാലത്തോടൊപ്പം നിർമ്മിക്കുന്ന നടപ്പാലത്തിന്റെ അഞ്ച് ബീമുകളുടെയും നിർമ്മാണം പൂർത്തീകരിച്ചു. മുകൾ ഭാഗത്തെ സ്‌ളാബിന്റെ കമ്പിപ്പണി പൂർത്തീകരിച്ചു. സ്‌ളാബിന്റെ കോൺക്രീറ്റ് ജോലി ഇനി പൂർത്തികരിക്കാനുള്ളത്. ജൂലായ് മാസം പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്ന തരത്തിലായി​രുന്നു പ്രവർത്തനം. 2019 ഡിസംബറിൽ ആരംഭിച്ച നിർമ്മാണം 14മാസം കൊണ്ട് പൂർത്തീകരിക്കുകയാണ് ലക്ഷ്യമിട്ടെങ്കിലും കൊവിഡിനെ തുടർന്ന് ജോലികൾ താത്കാലികമായി നിറുത്തിവച്ചിരുന്നു. ഇളവ് വന്നതിനെ തുടർന്നാണ് നിർമ്മാണ ജോലികൾ പുനരാരംഭിച്ചെങ്കിലും രണ്ടാം തരംഗവും നിർമ്മാണത്തിന് തടസമായി.

തടസങ്ങളി​ൽ തട്ടി​ കൊമ്മാടി​പ്പാലം

പുനർ നിർമ്മാണത്തിനായി കൊമ്മാടി പാലം പൊളിച്ചു നീക്കിയതോടെ ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ എ.എസ് കനാലിന് കുറുകേ ഇരുമ്പിൽ താത്കാലിക പാലം നർമ്മിച്ചു. 60മീറ്റർ താഴ്ചയിൽ 12പൈലുകളുടെ നിർമ്മാണവും ആരംഭിച്ചിട്ടില്ല. മെറ്റൽ, സിമന്റ്, മണൽ, തുടങ്ങിയവ കോട്ടയത്തെ സ്വകാര്യ പ്ളാന്റിൽ നിന്നാണ് ലഭിക്കേണ്ടത്. കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിലച്ചതും തടസമായി.

മുപ്പാലം നാൽപ്പാലമാകുമ്പോൾ

മുപ്പാലം നാല്പാലമാക്കുന്നതിനുള്ള നിർമ്മാണ ജോലികൾ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കാരണമാണ് വൈകുന്നത്. വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കാൻ കരാർ കമ്പനിക്ക് നിർദ്ദേശം നൽകി. മുപ്പാലത്തിന്റെ രണ്ട് പാലങ്ങളുടെ പൈലിംഗ് ജോലികൾ പൂർത്തീകരിച്ചു. കൊമേഴ്‌സ്യൽ കനാലിന് കുറുകേ പഴയപാലത്തിന് പകരം നിർമ്മിക്കുന്ന പാലത്തിന്റെ പൈലിംഗ് ജോലികൾ ആരംഭിച്ചു. വാടക്കനാൽ, കോമേഴ്‌സ്യൽ കനാലുകളെ ബന്ധിപ്പിക്കുന്ന ഉപ്പുറ്റി കനാലിന് കുറുകേയുള്ള മുപ്പാലത്തിന്റെ വടക്കുഭാഗത്തെയും തെക്കുഭാഗത്തെയും പാലങ്ങളുടെ പൈലിംഗ് ജോലികളാണ് പൂർത്തീകരിച്ചത്. പൈലിംഗ് പൂർത്തീകരിച്ച വടക്കുഭാഗത്തെ പാലത്തിന്റെ തൂണുകളുടെ കോൺക്രീറ്റ് ജോലികളും തുടങ്ങി. കേരള റോഡ് ഫണ്ട് ബോർഡിന്റെ 17.44 കോടിയാണ് നിർമ്മാണത്തിന് ചെലവഴിക്കുന്നത്. പത്തു മാസം മുമ്പ് നിർമ്മാണം ആരംഭിച്ച പാലങ്ങളുടെ നിർമ്മാണം ഒരു വർഷംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും കൊവിഡ് വ്യാപനം നിർമ്മാണ പ്രവർത്തനങ്ങളിൽ തടസം സൃഷടിച്ചു.

"കൊവിഡിനെ തുടർന്ന് ഒന്നരആഴ്ചയായി അസംസ്കൃത വസ്തുക്കളുടെ ലഭ്യതകുറവ് പാലങ്ങളു‌ടെ നിർമ്മാണ പ്രവർത്തനത്തിന് തടസം ഉണ്ടാക്കുന്നു. ചൊവ്വാഴ്ച ഒരു ബീമിന്റെയും ബുധനാഴ്ച നടപ്പാതയുടെ സ്ളാബും കോൺക്രീറ്റ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയാണ്.

പൊതുവരാമത്ത് വകുപ്പ് അധികൃതർ