ചേർത്തല : തൈക്കൽ വജ്ര സോഷ്യൽ സൊസൈറ്റിയുടെ ' വീട്ടിലെ തോട്ടം നാടിന്റെ നന്മ ' എന്ന ജനകീയ കാർഷിക പദ്ധതിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട സൗജന്യ പച്ചക്കറി വിത്ത് വിതരണം കൃഷി മന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച കുട്ടികർഷക അവാർഡ് ജേതാവും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുകയും ചെയ്ത അനന്തകൃഷ്ണന് വിത്ത് നൽകിയായിരുന്നു ഉദ്ഘാടനം.
സ്വാശ്രയത്വത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണം അതിന്റെ എല്ലാ അർത്ഥതലങ്ങളിലുമെത്തുന്നത് കാർഷിക സംസ്‌കൃതിയിലൂടെയാണെന്ന് മന്ത്റി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിയുടെ പ്രചോദനം ഉൾക്കൊണ്ട് ഓണത്തിന് ഗ്രാമ പ്രദേശങ്ങളിൽ വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യമാക്കുന്ന വജ്ര സോഷ്യൽ സൊസൈറ്റിയെ മന്ത്റി അഭിനന്ദിച്ചു. പയർ,വെണ്ട, വഴുതന, തക്കാളി, മുളക് എന്നീ വിത്തുകളാണ് വിതരണം ചെയ്യുന്നത്. സൊസൈറ്റി പ്രസിഡന്റ് സുരേഷ് മാമ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ടി.ടി.ജിസ്‌മോൻ, കണ്ടമംഗലം ദേവസ്വം പ്രസിഡന്റും
ഗ്രാമ പഞ്ചായത്ത് അംഗവുമായ പി.ഡി. ഗഗാറിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി, എം.സി.സിദ്ധാർത്ഥൻ, കെ.കെ. പ്രഭു, കെ.പി. പുഷ്‌ക്കരൻ, വി.ടി. മനോഹരൻ, പി.എസ്. ലാലൻ, കെ.എസ്. സജിമോൻ,ആർ.രതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.