അമ്പലപ്പുഴ : തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിൽ രണ്ടാം ഘട്ട മത്സ്യ വിപണനത്തിനു തുടക്കമായി. കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചും ലേലം ഒഴിവാക്കിയുമാണ് മത്സ്യവിപണനം. അയല, കിളിമീൻ, ശീലാവ്, കൂന്തൽ, വരിമീൻ ഉൾപ്പടെ 53000 രൂപയുടെ വിപണനമാണ് ശനിയാഴ്ച നടന്നത്. മത്സ്യവിപണനം എച്ച് .സലാം ഉദ്ഘാടനം ചെയ്തു. ഹാർബറിനുള്ളിൽ അടിഞ്ഞുകൂടിയ മണൽ കൂടുതൽ ബോട്ടുകളെത്തി മത്സ്യവിപണനം നടത്തുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇത് നീക്കം ചെയ്യുന്നതിന് ലോംഗ് ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവൃത്തികൾക്ക് രണ്ടു ദിവസം മുമ്പ് തുടക്കമായിരുന്നു. എന്നാൽ കൂടുതൽ യന്ത്രോപകരണങ്ങൾ എത്തിച്ച് ഹാർബറിന്റെ വായ് മുഖത്തുള്ള മണൽ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് എം .എൽ .എ നിർദ്ദേശം നൽകി. പുറക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് എ .എസ്. സുദർശനൻ, വൈസ് പ്രസിഡന്റ് വി .എസ്. മായാദേവി, അംഗം അഡ്വ.വി .എസ്. ജിനുരാജ് എന്നിവർ എം. എൽ .എെയ്ക്ക് ഒപ്പമുണ്ടായിരുന്നു.