ചാരുംമൂട് : മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ നൽകി. ഇന്നലെ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിൽ എം.എസ് അരുൺ കുമാർ എം.എൽ.എയ്ക്ക് പ്രസിഡന്റ് എസ്.രജനി ചെക്ക് കൈമാറി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം.ഹാഷിർ, ആർ.സുജ, കെ.സുമ അംഗങ്ങളായ അഡ്വ എസ്.രാജേഷ്, ജി.പുരുഷോത്തമൻ ശാന്തി, ശ്യാമളാ ദേവി, പ്രസന്ന, ബൃന്ദ ,സെക്രട്ടറി ദിൽഷാദ് തുടങ്ങിയവർ പങ്കെടുത്തു.
കൊവിഡ് നിയന്ത്രണത്തിന് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ബ്ളോക്ക് പഞ്ചായത്ത് രൂപം കൊടുത്തിരിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ,, വീടുകൾ തുടങ്ങിയ സ്ഥലങ്ങൾ അണുവിമുക്തമാക്കുന്നതിന് ഓരോ പഞ്ചായത്തിലും ആദ്യ ഘട്ടമായി 10 സ്പ്രേയർ മിഷനുകൾ വീതം നൽകും. കരുതലിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്ക് പൾസ് ഓക്സീ മീറ്ററുകൾ വിതരണം ചെയ്യും. വാർഡ് ജാഗ്രതാ സമിതികൾ, ആരോഗ്യ പ്രവർത്തകർ , വാളണ്ടിയർമാർ എന്നിവർക്ക് സാനിട്ടൈസർ, മാസ്ക്, ഗ്ലൗസ്, പി.പി കിറ്റുകൾ തുടങ്ങിയ പ്രതിരോധ സാമഗ്രികളും പഞ്ചായത്തുകൾ വഴി വിതരണം ചെയ്യും.