കുട്ടനാട് : തോരാത്ത മഴയും തണ്ണീർമുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പിൽവേയുടേയും ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് താഴാത്തതും കാരണം കുട്ടനാട്ടിലെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ.
പാടശേഖരങ്ങൾക്കുള്ളിൽ നിറഞ്ഞ വെള്ളം പുറത്തേക്ക് ഒഴുക്കാൻ മാർഗമില്ലാതെ വന്നതോടെ താഴ്ന്ന പ്രദേശങ്ങളായ കൈനകരി,കുട്ടമംഗലം,പള്ളാത്തുരുത്തി,കാവാലം,നെടുമുടി,ചതുർത്ഥ്യാകരി,പുളിങ്കുന്ന്,രാമങ്കരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്. പല സ്ഥലങ്ങളിലും വീടുകൾക്കുള്ളിൽ വെള്ളം കയറി. വഴികളിലും മുട്ടറ്റം വരെ വെള്ളമുണ്ട്.
കൊയ്ത്ത് കഴിഞ്ഞതോടെ പാടശേഖരങ്ങളുടെ മോട്ടോറുകൾ അഴിച്ചു മാറ്റുകയും തൂമ്പ് തുറന്നു പാടത്ത് വെള്ളം കയറ്റിയിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കനത്ത മഴ എത്തിയത്. കൈനകരി -മീനപ്പള്ളി- വലിയകരി പാടശേഖരത്ത് നിറഞ്ഞ വെള്ളം ഡ്രഡ്ജർ ഉപയോഗിച്ച് വറ്റി
ക്കുന്നതു മാതൃകയാക്കി, മറ്റ് പാടശേഖരങ്ങളിലും നിറഞ്ഞുകിടക്കുന്ന വെള്ളം ഡ്രഡ്ജർ ഉപയോഗിച്ചോ പൊതുമട വച്ചോ ഒഴുക്കി കളയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
ജില്ലയിൽ 21 ദുരിതാശ്വാസ
ക്യാമ്പുകൾ തുറന്നു
104 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
ആലപ്പുഴ: കനത്തമഴയും കിഴക്കൻ വെള്ളത്തിന്റെ വരവും മൂലം ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നതോടെ ദുരിതത്തിലായവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി ജില്ലയിൽ വിവിധ താലൂക്കുകളിലായി 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 104 കുടുംബങ്ങളിലെ 387 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. 161 പുരുഷൻമാരും 147 സ്ത്രീകളും 79 കുട്ടികളും ഇതിലുൾപ്പെടും. ചേർത്തല താലൂക്കിൽ രണ്ടും മാവേലിക്കര താലൂക്കിൽ ആറും ക്യാമ്പുകളാണ് തുറന്നത്. ചെങ്ങന്നൂർ താലൂക്കിൽ 13 ക്യാമ്പുകളുണ്ട്.
ക്വാറന്റൈനിൽ കഴിയുന്നവർക്കായാണ് ചേർത്തല താലൂക്കിലെ ചങ്ങരം യു.പി സ്‌കൂളിലെ ഡി - ടൈപ്പ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ജില്ലയിൽ നാല് ഭക്ഷണവിതരണ കേന്ദ്രങ്ങളും ആരംഭിച്ചു. 118 കുടുംബങ്ങളിലെ 475 പേർക്കാണ് ഭക്ഷണം നൽകുന്നത്.