ആലപ്പുഴ: നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് കയർ കോർപ്പറേഷനെ ഉയർത്താനായതിന്റെ ചാരുതാർത്ഥ്യത്തോടെ ചെയർമാൻ ടി.കെ. ദേവകുമാർ പടിയിറങ്ങി. 2018 നവംബറിലാണ് ദേവകുമാർ ചുമതല ഏറ്റെടുത്തത്. 2018 -19 സാമ്പത്തിക വർഷം കയർ കോർപ്പറേഷന്റെ മൊത്തം വിറ്റുവരവ് 117 കോടി രൂപയായിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 232 കോടിയിലേക്ക് കുതിച്ചു. കയറ്റുമതി ടേണോവർ പത്തു കോടിയിൽ നിന്ന് 14 കോടിയായും, കയർ ക്രയവില സ്ഥിരതാ പദ്ധതിയുടെ ടേണോവർ 144 കോടിയിൽ നിന്നും 180 കോടിയായും ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൊവിഡ് പ്രതിസന്ധി ബാധിച്ചില്ലായിരുന്നെങ്കിൽ കൂടുതൽ സാമ്പത്തിക നേട്ടം കൈവരിക്കുമായിരുന്നു.
പൊതു പ്രവർത്തകനെന്ന നിലയിൽ കയർ കോർപ്പറേഷൻ, സർക്കാർ, വിവിധ ട്രേഡ് യൂണിയനുകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവരുമായി ദേവകുമാർ ആരോഗ്യകരമായ ബന്ധം നിലനിറുത്തിയതോടെ മികച്ച മാനേജ്‌മെന്റ് - തൊഴിലാളി ബന്ധം നിലനിറുത്താനായി. കേരളത്തിലെ പരമ്പരാഗത മേഖലയിലെ വലിയ ഇവന്റായ കയർ കേരളയുടെ സംഘാടനത്തിന് നേതൃത്വം നൽകി. 2021 ഫെബ്രുവരിയിൽ കൊവിഡ് സാഹചര്യത്തിൽ കയർ കേരള വെർച്വൽ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ചത് കേരളത്തിലെ ആദ്യ സംരംഭമായിരുന്നു. ഇതുവഴി കയർ എക്‌സ്‌പോർട്ടർമാർക്ക് 384 കോടി രൂപയുടെ കയറ്റുമതി ഓർഡറുകളും കയർ കോർപ്പറേഷന് 232 കോടിരൂപയുടെ കയറ്റുമതിക്കുള്ള ഓർഡറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി 121 കോടി രൂപയുടെ കയർ ജിയോ ടെക്‌സ്‌റ്റൈൽസിനുള്ള കരാറും ലഭിച്ചു. സ്ഥാനം ഒഴിഞ്ഞെങ്കിലും കയർ രംഗത്തെ തൊഴിലാളി പ്രവർത്തകൻ എന്ന നിലയിൽ നാല് പതിറ്റാണ്ടത്തെ അനുഭവസമ്പത്തും, സഹകാരി, ജനപ്രതിനിധി, കയർഫെഡ് പ്രസിഡന്റ്, കയർ കോർപ്പറേഷൻ ചെയർമാൻ എന്നീ നിലകളിലെല്ലാം ആർജിക്കാൻ കഴിഞ്ഞ അനുഭവങ്ങളും ഈ മേഖലയുടെ ഉന്നമനത്തിന് ഇനിയും വിനിയോഗിക്കുമെന്ന് ദേവകുമാർ പറഞ്ഞു.