salimkumar
ആർ.സലിംകുമാർ

ആലപ്പുഴ: അഗ്നി രക്ഷാസേനയിലെ സഹപ്രവർത്തകർക്കിടയിൽ അതികായൻ എന്ന് വിശേഷിപ്പിക്കുന്ന സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ആര്യാട് സ്വദേശി ആർ.സലിംകുമാർ 21 വർഷത്തെ സേവനം പൂർത്തിയാക്കി ഇന്ന് സർവീസിൽ നിന്ന് പടിയിറങ്ങുന്നു.

ഓരോ രക്ഷാപ്രവർത്തനത്തിലും വേറിട്ട ശൈലി പിൻതുടരുന്ന സലിം ഒപ്പമുണ്ടെന്നത് ഏറെ ആത്മവിശ്വാസം പകർന്നി​രുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. ബിരുദാനന്തര ബിരുദവും മെക്കാനിക്കൽ ഡിപ്ലോമയും പൂർത്തിയാക്കിയ സലിമി​ന് റോഡപകടങ്ങൾ ഉൾപ്പെടെയുള്ള അപകടങ്ങളിൽ പരിക്കേറ്റ് കുടുങ്ങി കിടക്കുന്നവരെ ഹൈഡ്രോളിക് കട്ടറുകളും സ്പ്രെഡറുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് രക്ഷിക്കുന്നതിൽ അതീവ വൈദഗ്ദ്യമാണുള്ളത്.

രക്ഷാപ്രവർത്തനത്തിനായി ഒരു വിളി വന്നാൽ ലീവിലായാലും സലിം പഞ്ഞെത്തി പ്രവർത്തനനിരതനാകും. താഴത്തങ്ങാടി ബസ് ദുരന്തത്തിലെ ഏറ്റവും പ്രധാനിയായ രക്ഷാപ്രവർത്തകൻ,നെഹ്റു ട്രോഫി വള്ളം കളി മത്സരത്തിനിടയിൽ ഇരുപതോളം വനിതകൾ തുഴഞ്ഞ ചുരുളൻ വള്ളം സ്റ്റാർട്ടിംഗ് പോയിൻ്റിന് സമീപം മുങ്ങിയപ്പോൾ ഒരു ജീവൻ പോലും വെള്ളത്തിൽ പൊലിയാനനുവദിക്കാതെ മുഴുവൻ പേരെയും രക്ഷിച്ച് കരയ്ക്കെത്തിച്ച ദൗത്യ സംഘത്തിന്റെ നേതാവായി​രുന്നു. ലോക്കപ്പിൽ നിന്നും പ്രതി രക്ഷപെട്ട് തോട്ടിൽ ചാടിയ പ്രതിയെ വെള്ളത്തിൽ മൽപ്പിടുത്തം നടത്തി കീഴടക്കിയ പോരാളി എന്നിങ്ങനെ പറഞ്ഞാൽ തീരാത്തത്ര വീരകഥകളുണ്ട് സലിമിന്റെ പേരിൽ. കലവൂർ സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരി കൊച്ചുമോൾ ആണ് സലിമിന്റെ ഭാര്യ.