മുതുകുളം: കെ.എസ്.ഇ.ബി ആറാട്ടുപുഴ സെക്ഷൻ ഓഫീസിലെ മേൽക്കൂര തകരാറിലായതോടെ മഴവെള്ളവും കടൽ വെള്ളവും ഓഫീസിൽ കെട്ടിക്കിടക്കുന്ന അവസ്ഥ.
ശക്തമായ കാറ്റുമൂലം വിള്ളൽ വീണ ടിൻ ഷീറ്റുകൾ മേൽക്കൂരയിൽ നിന്നു മാറ്റി സ്ഥാപിക്കാത്തതിനാൽ ഒഴുകി വീഴുന്ന വെള്ളം ഓഫീസിൽ കെട്ടിക്കിടന്നു വൈദ്യുത മീറ്ററുകൾ അടക്കമുള്ള സാധന സാമഗ്രികൾ തുരുമ്പെടുത്തു നശിക്കുകയാണ്. വലിയഴീക്കൽ മുതൽ തൃക്കുന്നപ്പുഴ വരെയുള്ള തീരദേശത്തെ പതിനായിരത്തോളം ഉപഭോക്താക്കളാണു ഈ ഓഫിസിൻറ്റെ പരിധിയിലുള്ളത്. പ്രത്യേക സ്റ്റോറുകളില്ലാത്തതിനാൽ ഓഫീസിനുള്ളിലാണ് ഇലക്ട്രിക്കൽ സാധനങ്ങൾ സൂക്ഷിക്കുന്നത്. മഴവെള്ളവും ഉപ്പുകാറ്റും അടിക്കുന്നതിനാൽ ഉപഭോക്താക്കൾക്കു നൽകാനുള്ള മീറ്ററുകൾ മിക്കതും ഉപയോഗശൂന്യമായ നിലയിലാണ്.
ഉപ്പുകാറ്റും കടലാക്രമണ ഭീഷണിയും മൂലം ഓഫീസ് പരിസരത്തു സൂക്ഷിച്ചിരിക്കുന്ന ട്രാൻസ്ഫോമറുകളടക്കമുള്ള വൈദ്യുതോപകരണങ്ങൾ, ഓഫീസിലെ കമ്പ്യൂട്ടറുകൾ, അലമാരകൾ തുടങ്ങിയവ തുരുമ്പെടുത്ത അവസ്ഥയിലാണ്. സുരക്ഷിത കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു.