ac-canal

കുട്ടനാട്: നെടുമുടി, പള്ളാത്തുരുത്തി ആറുകളിലേക്ക് എ-സി കനാൽ തുറന്നാൽ മാത്രമേ കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ കഴിയൂ എന്ന പ്രശസ്ത കൃഷിശാസ്ത്രജ്ഞൻ ഡോ.എം.എസ്. സ്വാമിനാഥന്റെ നിദ്ദേശം നടപ്പാക്കണമെന്ന ആവശ്യവുമായി കുട്ടനാടൊന്നിച്ച് രംഗത്തിറങ്ങുന്നു.

രണ്ടാഴ്ചയായി വെള്ളപ്പൊക്ക ദുരിതത്തിൽ നട്ടം തിരിയുന്നതിനിടെ ഇത്തവണത്തെ കാലവർഷം ഉടനെത്തുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് കൂടി വന്നതോടെ ഇനിയുള്ള ദിനങ്ങൾ കുട്ടനാടിന് സംബന്ധിച്ചിടത്തോളം ദയനീയമായിരിക്കും. ഡോ. സ്വാമിനാഥൻ സമർപ്പിച്ച കുട്ടനാട് പാക്കേജിന് 2008 സെപ്തംബർ 24നാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകുന്നത്. പാക്കേജിലെ ഏറ്റവും പ്രധാന നിർദ്ദേശങ്ങളിലൊന്ന് എ-സി കനാലിന്റെ നവീകരണമായിരുന്നു. പെരുന്നയിൽ നിന്നാരംഭിച്ച് ഇപ്പോൾ ഒന്നാങ്കര വരെയുള്ള കനാൽ നെടുമുടി ആറ്റിലേക്കും അവിടെ നിന്ന് പള്ളാത്തുരുത്തി ആറ്റിലേക്കും തുറക്കുക, ആവശ്യമായ വീതി ഉറപ്പുവരുത്തുക, കനാലിലെ ഒഴുക്കിന് തടസമായ പാലങ്ങളെല്ലാം പൊളിച്ചുമാറ്റുക തുടങ്ങി നിരവധി നിർദ്ദേശങ്ങൾ അടങ്ങിയതായിരുന്നു പദ്ധതി. പക്ഷേ, പദ്ധതിയുടെ ആരംഭത്തിൽ തന്നെ ഇത് അട്ടിമറിക്കപ്പെട്ടു.

ഇതിനിടെ രണ്ടു പ്രളയവും മറ്റ് ചെറിയ വെള്ളപ്പൊക്കങ്ങളും കുട്ടനാട് അഭിമുഖീകരിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ വെള്ളപ്പൊക്കത്തിലും കുട്ടനാടിന് നേരിടേണ്ടിവരുന്നത്. പദ്ധതി പ്രഖ്യാപനത്തിന് ശേഷം മാറിമാറിവന്ന സർക്കാരുകളെല്ലാം ഒരേ പോലെ പറഞ്ഞത് എന്തുവന്നാലും കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്നുതന്നെയായിരുന്നു. എന്നാൽ 13 വർഷം പിന്നിടാറായിട്ടും യാതൊന്നും ഉണ്ടായില്ല.

..........................................

പ്രതിപക്ഷ നേതാവ് കുട്ടനാട് സന്ദർശിക്കാൻ തയ്യാറാകണം. എ-സി കനാൽ നെടുമുടിയിലേക്കും പള്ളാത്തുരുത്തി ആറ്റിലേക്കും തുറക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. കൊവിഡിൽപ്പെട്ട് നട്ടം തിരിയുന്നതിനിടെ ഇപ്പോൾത്തന്നെ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി

പ്രമോദ് ചന്ദ്രൻ, വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗംം, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി