ചേർത്തല: ആതുര സേവന രംഗത്ത് 37 വർഷത്തെ സേവനത്തിന് ശേഷം ആലപ്പുഴ മെഡി. ആശുപത്രി സ്റ്റോർ സൂപ്രണ്ട് ഡി. മുറാദ് ഇന്നു വിരമി
ക്കുന്നു. പേരിലെ വ്യത്യസ്തത സഹപ്രവർത്തകർക്കിടയിലും മറ്റിടങ്ങളിലും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയിരുന്നു.
ദാമോദരൻ എന്നാണ് അച്ഛന്റെ പേര്. മുസ്ളീം സമുദായാംഗമായാണ് പലരും ഇദ്ദേഹത്തെ കണ്ടിരുന്നത്. ഒപ്പം ജോലി ചെയ്തിരുന്നവർ പോലും ഇദ്ദേഹം ഈഴവ സമുദായാംഗമാണെന്ന് പലപ്പോഴും തിരിച്ചറിയുന്നത് ഏറെ നാളുകൾ കഴിഞ്ഞിട്ടാവും. 1984ൽ പാലക്കാട് ജില്ലയിലെ ഷോളയൂർ ഗവ.റൂറൽ ഡിസ്‌പെൻസറിയിലാണ് സർവീസിൽ പ്രവേവേശിക്കുന്നത്. 1985 ൽ തൃശൂർ ജില്ലയിലെ പടിയൂർ ഗവ.റൂറൽ ഡിസ്‌പെൻസറിയിലും തുടർന്ന് ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര ഗവ. ഡിസ്‌പെൻസറി ഉൾപ്പെടെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്തു. 1992 മുതൽ ആലപ്പുഴ ഗവ.മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ജോലി. 2009ൽ ആരോഗ്യവകുപ്പിൽ നിന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.25 വർഷം ആരോഗ്യവകുപ്പിലും 12 വർഷം ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലും ജോലി ചെയ്തു. കെ.ജി.പി.എ അംഗമാണ്. ചേർത്തല ബ്രാഞ്ച് സെക്രട്ടറിയായി സംഘടനാ ഭാരവാഹിത്വത്തിലേക്കുയർന്നു. തുടർന്ന് ജില്ലാ ജോയിന്റ് സെക്രട്ടറിയായി. ദീർഘകാലം ആലപ്പുഴ ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
മുൻ സംസ്ഥാന നേതാക്കളായ എം.എൻ.വി.ജി. അടിയോടി, പി.വി.വിജയൻ,വത്സരാജ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഫാർമസി കൗൺസിൽ തിരഞ്ഞെടുപ്പിൽ സജീവ സാന്നിദ്ധ്യമായിരുന്നു. 2010ൽ കെ.ജി.പി.എ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ഐറിൻ ഗോമസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ സീനിയർ ലാബ് ടെക്‌നീഷ്യനാണ്.
മക്കൾ: ആരതി മുറാദ് (മെഡിക്കൽ വിദ്യാർത്ഥി), സൂരജ് മുറാദ് (എൻജിനിയറിംഗ് വിദ്യാർത്ഥി). തുറവൂർ സ്വദേശിയായ മുറാദ് വയലിനിസ്റ്റ് കൂടിയാണ്. പുല്ലാങ്കുഴലും വഴങ്ങും. ആലപ്പുഴ ആര്യാടാണ് താമസിക്കുന്നത്.