ചേർത്തല: ഓടക്കുഴൽ നാദവും പാട്ടും ഡാൻസുമൊക്കെയായി വിദ്യാർത്ഥികളുടെ ഗുരുപൂജ കൊവിഡ് കാലത്ത് വേറിട്ടൊരു അനുഭവമാകുന്നു. പുതിയ അദ്ധ്യയന വർഷം തുടങ്ങാനിരിക്കെ മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂൾ ഏഴാം ക്ലാസിലെ കുട്ടികളാണ് ഗുരുപൂജ എന്ന പേരിൽ വീഡിയോ ഒരുക്കിയത്.

അകലെയിരുന്നിട്ടും അടുപ്പം കൈവിടാതെ ആശയങ്ങൾ പങ്കുവച്ചാണ് ഡി ഡിവിഷനിലെ കുട്ടികൾ വീഡിയോ തയ്യാറാക്കിയത്. ക്ലാസ് ടീച്ചർ ജാനി നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച് ഓരോരുത്തരും വീടുകളിലിരുന്ന് തയ്യാറാക്കിയ വീഡിയോയും ചിത്രങ്ങളും ആശംസാ കാർഡുകളും സംയോജിപ്പിച്ചാണ് ഗുരുപൂജ ഒരുക്കിയത്. ഏഴാം ക്ലാസിൽ പഠിപ്പിച്ച അദ്ധ്യാപകരോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ പ്രതിഭയും മനസിലാക്കാൻ വീഡിയോ വഴിയൊരുക്കുന്നു. വീഡിയോ ഒരുക്കിയ വിദ്യാർത്ഥികളെ സ്‌കൂൾ മാനേജർ ജെ.ജയലാൽ അഭിനന്ദിച്ചു