ആലപ്പുഴ: ഓൺലൈൻ ക്ളാസുകളിൽ കുട്ടികളെ സ്വാഗതം ചെയ്യാൻ ദീപുരാജ് ആലപ്പുഴയും കൂട്ടുകാരൻ ചിക്കുവും കൂട്ടിനെത്തുന്നു. ഒന്നര മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ വീട്ടിലിരുന്നുള്ള പഠനവും കളിയും പറമ്പിലെ കൃഷിയുമാണ് അവതരിപ്പിക്കുന്നത്.
വെൻട്രി ലോക്കിസം എന്ന പരിപാടിയിലൂടെയാണ് അവതരണം. കേരളത്തിൽ പപ്പി ഷോ എന്നാണ് പറയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചിരിയുടെയും ചിന്തയുടെയും അതിശയത്തിന്റെയും രസക്കൂട്ടുകൾ തുറക്കുന്ന കലാരൂപമാണിത്. ജില്ലാ വിദ്യാഭ്യാസ വകുപ്പിന് വീഡിയോ ദീപു രാജ് കൈമാറി. പ്രൊഫഷണൽ നാടക രംഗം, ഡബ്ബിംഗ്, ഗാനരചയിതാവ്, ഹ്രസ്വ ചിത്ര, പരസ്യ ചിത്ര സംവിധാനം തുടങ്ങിയ മേഖലകളിൽ സജീവമാണ് ദീപുരാജ്. ഡി.ടി.ഡി.സി കൊറിയർ കണ്ണൂർ ബ്രാഞ്ച് മാനേജരാണ്. അദ്ധ്യാപികയായ നിതയാണ് ഭാര്യ. മകൾ: മിത്ര ദീപുരാജ്.