കായംകുളം: ലോക് ഡൗൺ കാലത്ത് ഓൺ ലൈനായി നടന്ന കായംകുളം നഗരസഭാ കൗൺസിൽ യോഗം വിവാദത്തിൽ. യോഗം പിരിച്ചുവിടാൻ പോലും ആരുമില്ലാതിരുന്ന അവസ്ഥയിലായിരുന്നുവെന്നാണ് ആരോപണം.
മഴക്കാല പൂർവ്വ ശുചീകരണവും രോഗ പ്രതിരോധവും അടങ്ങുന്ന ജനകീയ ശുചിത്വ പദ്ധതി നടപ്പിലാക്കാൻ യോഗം തീരുമാനിച്ചതായി ചെയർപേഴ്സൺ പി.ശശികല അറിയിച്ചു. എന്നാൽ
പിരിച്ചുവിടാൻ ഉത്തരവാദിത്വപ്പെട്ടവർ ആരുമില്ലാഞ്ഞതിനാൽ കൗൺസിൽ യോഗം സ്വയം പിരിഞ്ഞത് നാണക്കേടാണന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ഡി.അശ്വനീദേവ് പറഞ്ഞു.
യോഗം സ്വയം പിരിഞ്ഞു പോകേണ്ടി വന്നത് നഗരസഭാചട്ടങ്ങളുടെ ലംഘനവും കേട്ടുകേൾവി പോലുമില്ലാത്ത കാര്യവുമാണന്ന് അശ്വനീദേവ് ചൂണ്ടിക്കാട്ടി .ചെയർപഴ്സണും വൈസ് ചെയർമാനും സെക്രട്ടറിയുമടക്കമുള്ളവർ ഓരോ സമയങ്ങളിലായി ഓൺലൈൻ മീറ്റിംഗ് ഉപേക്ഷിച്ചു പോവുകയായിരുന്നുവത്രേ. കൊവിഡ് വാക്സിൻ കൂപ്പണുകൾ പിൻവാതിൽ വഴി വിതരണം ചെയ്യുന്ന നടപടി ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് കൗൺസിൽ യോഗം ഉപേക്ഷിച്ച് ഉത്തരവാദിത്വപ്പെട്ടവർ പോയതെന്നാണ് ആരോപണം. മാപ്പ് പറയാതെ ഇനി കൗൺസിൽ യോഗത്തിൽ ബി.ജെ.പി. പങ്കെടുക്കില്ലന്നും ഡി. അശ്വിനി ദേവ് പറഞ്ഞു.
ജനകീയ ശുചിത്വ പരിപാടി ജൂണ്‍ 4,5,6 തീയതികളിൽ നടപ്പാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചതായി പി.ശശികല പറഞ്ഞു. നാലിന് നഗരസഭാ പ്രദേശത്തെ മുഴുവൻ സർക്കാർ ഓഫീസുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും ശുചീകരിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവികൾക്ക് കത്ത് നൽകും.
ജൂണ്‍ 5 ന് പൊതു ഇടങ്ങൾ ശുചീകരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, തൊഴിലുറപ്പ് പ്രവര്‍ത്തകർ, വാർഡ് സാനിട്ടേഷൻ അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ പ്രവർത്തകരും ചേർന്ന് ഓരോ വാർഡിലേയും പൊതു ഇടങ്ങൾ വൃത്തിയാക്കും.
ജൂണ്‍ ആറിന് നഗരസഭയിലെ മുഴുവൻ ഭവനങ്ങളും, പരിസരവും അവരവർ തന്നെ ശുചീകരിക്കണമെന്നും ചെയർപേഴ്സൺ അറിയിച്ചു.