ആലപ്പുഴ : കൊവിഡ് കാലത്തെ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർക്ക് സർക്കാർ പ്രഖ്യാപിച്ച പലിശ രഹിത വായ്പ പദ്ധതി പ്രകാരമുള്ള പലിശ സബ്‌സിഡി വിതരണത്തിന് കഞ്ഞിക്കുഴിയിൽ തുടക്കമായി. വിതരണോദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ നിർവഹിച്ചു.
കൊവിഡ് മൂലം കുടുംബശ്രീ പ്രവർത്തകർക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് പലിശ രഹിത വായ്പ്യെന്ന പ്രത്യേക പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. പഞ്ചായത്തിലെ 375 കുടുംബശ്രീ യൂണിറ്റുകൾക്കായി 24 ലക്ഷം രൂപയാണ് കഴിഞ്ഞ വർഷം ലഭിച്ചത്. ഒരംഗത്തിന് 6000 രൂപ എന്ന നിലയിലാണ് തുക നൽകിയത്. കഴിഞ്ഞ ഒരു വർഷം ഈ തുകയ്ക്ക് അടച്ച പലിശയാണ് അംഗങ്ങൾക്ക് തിരികെ നൽകുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ, അംഗങ്ങൾ, ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.