ആലപ്പുഴ : കയർവ്യവസായം നിലനിറുത്താൻ സംസ്ഥാന സർക്കാർ ക്രിയാത്മകമായ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ മന്ത്രി പി.രാജീവിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന കയർ മേഖലയെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികൾ തൊഴിലില്ലായ്മയും കൂലിക്കുറവും ജലജന്യ രോഗങ്ങളും മൂലം പ്രതിസന്ധിയിലാണ്. കേന്ദ്ര സർക്കാർ ഈ മേഖലയ്ക്ക് നൽകിയിരുന്ന എല്ലാവിധ ആനുകൂല്യങ്ങളും നിർത്തലാക്കി. ചിലവിനു അനുസൃതമായി വില ലഭിക്കാത്തതിനാൽ ഉല്പാദന കേന്ദ്രങ്ങളും കയർ പിരി കേന്ദ്രങ്ങളും പ്രവർത്തിക്കുന്നില്ല. കോവിഡ് കാലത്തും കയർ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് സംഘങ്ങൾ കയർഫെഡിനും കയർ കോർപറേഷനും നൽകിയെങ്കിലും വില നൽകിയില്ല. പ്രതിസന്ധികൾ പരിഹരിച്ച് വ്യവസായത്തേയും തൊഴിലാളികളെയും രക്ഷിക്കാൻ നടപടി കൈക്കൊള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.