ആലപ്പുഴ: കൊവിഷീൽഡ്, കൊവാക്‌സിൻ സ്വീകരിച്ച 18 വയസിന് മുകളിലുള്ളവർക്ക് വിദേശ യാത്രയ്ക്കായി വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്താൻ അപേക്ഷിക്കാം. സന്ദർശിക്കുന്ന വിദേശ രാജ്യങ്ങളുടെ വാക്‌സിൻ നയപ്രകാരം കൊവിഷീൽഡ് എന്നതിന് പകരം ഓക്‌സ്‌ഫോർഡ് ആസ്ട്ര സിനക്ക എന്ന് രേഖപ്പെടുത്താനും അപേക്ഷ സമർപ്പിക്കാം. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് http://covid19.kerala.gov.in/vaccine എന്ന പോർട്ടലിൽ അപേക്ഷിക്കണം.

അപേക്ഷകൾ ജില്ലാമെഡിക്കൽ ഓഫീസർ പരിശോധിച്ച് അംഗീകാരം ലഭിച്ചാൽ രജിസ്‌ട്രേഷൻ സമയത്ത് നല്കിയ മൊബൈലിൽ എസ്.എം.എസ് സന്ദേശം ലഭിക്കും. അപേക്ഷ നിരസിക്കപ്പെട്ടാൽ കാരണം വ്യക്തമാക്കുന്ന സന്ദേശം ലഭിക്കും. അപാകതകൾ പരിഹരിച്ച് വീണ്ടും അപേക്ഷിക്കണം. അംഗീകാരം ലഭിച്ച ശേഷം സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിൻറെടുക്കണം. പൂർണ്ണമായ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രാജ്യത്ത് പോകേണ്ടവർക്ക് രണ്ടാമത്തെ ഡോസ് 28 ദിവസത്തിനു ശേഷം എടുക്കാൻ മുൻഗണന ലഭിക്കുന്നതിന് http://covid19.kerala.gov.in/vaccineൽ യാത്രാ വിവരത്തിന്റെ രേഖകൾ അപ് ലോഡ് ചെയ്യണം.

കൊവിഷീൽഡ് രണ്ട് ഡോസും എടുത്തവർക്ക്, രണ്ടാമത്തെ ഡോസ് സമയം 12 മുതൽ 16 ആഴ്ചയായി പുതിയ നിർദ്ദേശം വന്നതിനാൽ കോവിൻ സൈറ്റിൽ നിന്നു അന്തിമ സർട്ടിഫിക്കറ്റ് ലഭിക്കില്ല. അവർ രണ്ടാം ഡോസ് സ്വീകരിച്ച സമയത്ത് വാക്‌സിനേഷൻ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ നല്കിയ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത് http://covid19.kerala.gov.in/vaccine ൽ സംസ്ഥാനം നൽകുന്ന സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. വിദേശത്ത് നിന്ന് ആസ്ട്രസിനക്ക ആദ്യഡോസ് സ്വീകരിച്ചവർക്ക് നാട്ടിലെത്തി 84 ദിവസം പൂർത്തിയായാൽ വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നു രണ്ടാം ഡോസിനായി രജിസ്റ്റർ ചെയ്യുകയും ആദ്യ ഡോസിന്റെ വിവരങ്ങൾ കൊവിൻ സൈറ്റിൽ നൽകുകയും ചെയ്യാം. തുടർന്ന് കോവിൻ സൈറ്റിൽ നിന്നു അന്തിമ സർട്ടിഫിക്കറ്റ് ലഭിക്കും.

--