ആലപ്പുഴ: കൊവിഡ് തരംഗങ്ങളും അനുബന്ധ നിയന്ത്രണങ്ങളും നിമിത്തം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കമ്പ്യൂട്ടർ തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസ മേഖല. ക്ളാസുകൾ പാടേ നിലച്ചതോടെ പിടിച്ചു നിൽക്കാൻ വല്ലാതെ ബുദ്ധിമുട്ടുകയാണ് അദ്ധ്യാപകരും ജീവനക്കാരും.
ജില്ലയിൽ നൂറുകണക്കിന് കമ്പ്യൂട്ടർ സ്ഥാപനങ്ങളാണ് കടക്കെണിയിൽപ്പെട്ട് വലയുന്നത്. തൊഴിലില്ലാതെ ദുരിതം പേറുന്ന അദ്ധ്യാപരും അനദ്ധ്യാപകരുമടങ്ങുന്ന വിഭാഗം ഭാവിയെപ്പറ്റി ആലോചിച്ച് ആശങ്കപ്പെടുകയാണ്. കൊവിഡും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കാരണം ദുരിതം അനുഭവിക്കുന്ന കമ്പ്യൂട്ടർ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കമ്പ്യൂട്ടർ അധിഷ്ഠിതമായ പതിനായിരത്തോളം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുമ്പുണ്ടായിരുന്നു. തുടർച്ചയായ അടച്ചിടൽ മൂലം കഴിഞ്ഞ വർഷം തന്നെ സ്ഥാപനങ്ങൾ തകർച്ചയുടെ വക്കിലെത്തി. മുറിവാടക, വൈദ്യുതചാർജ് തുടങ്ങിയ ഭീമമായ നടത്തിപ്പ് ചെലവ് താങ്ങാനാവാതെ ആയിരത്തോളം സ്ഥാപനങ്ങൾ സംസ്ഥാനത്ത് ഇതിനോടകം പൂട്ടി. ബാക്കിയുള്ളവ കടം വാങ്ങിയും മറ്റും നിലനിൽപ്പിനായുള്ള പോരാട്ടത്തിലായിരുന്നു. അതിജീവിച്ചു എന്ന തോന്നലുണ്ടായി വരുന്നതിനിടെയാണ് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതും പ്രതിസന്ധികൾ വീണ്ടും ഇരച്ചെത്തിയതും.
നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള സ്ഥാപനങ്ങൾ വിശാലമായ കെട്ടിടങ്ങളിൽ ആയതിനാൽ വാടക ഭീമമാണ്. പേരിലെ പ്രൗഢി ഓഫീസുമായി ഇഴപിരിഞ്ഞു കിടക്കുന്നതിനാൽ ഒട്ടും മോശമല്ലാത്ത കെട്ടിടങ്ങൾ തന്നെ ഓഫീസുകൾക്കായി തിരഞ്ഞെടുക്കേണ്ടത് അനിവാര്യ ഘടകമായിരുന്നു. സി ഡിറ്റ്, റൂട്രോണിക്സ്, സി ഡാക്, കെൽട്രോൺ, ബി.എസ്.എസ്, ടാലി അക്കാദമി, മൾട്ടിമീഡിയ അക്കാദമി, മൊബൈൽ ടെക്നോളജി, സി.സി ടി.വി, ഫാഷൻ ഗാർമെന്റ് ടെക്നോളജി തുടങ്ങി വിവിധ മേഖലകളിലുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ഫ്രാഞ്ചൈസികൾ എടുത്തവർക്ക് ഓഫീസുമായി ബന്ധപ്പെട്ട് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പ്രധാന നഗരങ്ങളിൽപ്പോലും രണ്ടായിരം ചതുരശ്ര അടിക്കു മുകളിൽ വിസ്തീർണ്ണമുള്ള കെട്ടിടം വാടകയ്ക്ക് എടുക്കേണ്ടിവരും. വായ്പയുടെ ബലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിലവിൽ തിരിച്ചടവ് വലിയ ബാദ്ധ്യതയായിരിക്കുകയാണ്.
നടക്കില്ല ഓൺലൈൻ
സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ നേരിട്ടുള്ള പരിശീലനം അനിവാര്യമാണ്. ഇവിടങ്ങളിൽ ഓൺലൈൻ പരിശീലനം ഒട്ടും പ്രായോഗികമല്ലെന്ന് മേഖലയിലുള്ളവർ പറയുന്നു. തൊഴിലധിഷ്ഠിത പരിശീലനങ്ങൾ മൊത്തം മുടങ്ങിയ അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഓൺലൈൻ പരിശീലനം ഈ രംഗത്ത് ഒട്ടും പ്രായോഗികമല്ല. കോളേജുകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതുവരെ അടച്ചിടുകയേ നിവൃത്തിയുള്ളൂ.
................................
പൊതുവിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടുത്താതെ സാങ്കേതിക വിദ്യാഭ്യാസത്തെ പ്രത്യേക മേഖലയായി കണ്ട് അടിയന്തരമായി സർക്കാർ സഹായം ഉണ്ടാകണം. ഇല്ലെങ്കിൽ വർഷംതോറും ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നൽകുന്ന ഈ മേഖല പൂർണമായും അടയും
ജോൺസൺ കെ.മാത്യു, ജില്ലാ പ്രസിഡൻറ്, ഓൾ കേരള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫെയർ അസോസിയേഷൻ
.....................................
അനേകം പേർക്ക് തൊഴിൽ നൽകുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്തെ നല്ലൊരു ശതമാനം ചെറുപ്പക്കാർക്ക് തൊഴിൽ നേടാൻ സഹായിക്കുന്നവയാണ്. ഈ മേഖല തകർന്നാൽ വലിയ ദോഷഫലങ്ങൾ ഉണ്ടാകും
എ.എസ്. സൂരജ്, ജില്ലാ സെക്രട്ടറി, കേരള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫെയർ അസോസിയേഷൻ