ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മുങ്ങിയ ആളെ കണ്ടെത്താനായില്ല. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ കായംകുളം ഭാഗത്തുനിന്ന് വന്ന കാറും എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന നാലു പേർ മരണമടഞ്ഞു. നാല് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ കായംകുളം സ്വദേശിയായ അൻസിഫിനെ അപകടം നടന്ന് മൂന്നു ദിവസമായിട്ടും പൊലീസിന് കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തകർ ഇയാളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചതായി പറയുന്നുണ്ട്. എന്നാൽ അതിനു ശേഷം ഇയാൾ എവിടെപ്പോയി എന്നതിനെക്കുറിച്ച് പൊലീസിന് വ്യക്തതയില്ല. ഇയാൾക്ക് കാര്യമായ പരിക്ക് ഉണ്ടായിരുന്നില്ല. നിരവധി കേസുകളിൽ പ്രതിയായ അൻസിഫിന്റെ പൊലീസ് കാപ്പ് ചുമത്തി നാടുകടത്തിയിരുന്നതാണ്. അൻസിഫിന്റെ ഭാര്യ ആയിഷ ഫാത്തിമ, മകൻ ബിലാൽ എന്നിവർ അപകടത്തിൽ മരിച്ചിരുന്നു. പരിക്കേറ്റ കൊട്ടാരക്കര സ്വദേശി അജ്മി കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് കരീലകുളങ്ങര സിഐ അനിൽകുമാർ പറഞ്ഞു.