vaccination

ന്യൂഡൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്സിൻ കുത്തിവയ്പ്പിന് ചില സംസ്ഥാനങ്ങളിൽ ഭാഗികമായ തുടക്കം. യു.പി, ഗുജറാത്ത്, ഒഡിഷ, ഛത്തീസ്ഗഢ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മുകാശ്‌മീർ എന്നിവിടങ്ങളിലും ഡൽഹിയിലും തമിഴ്നാട്ടിലും സ്വകാര്യ ആശുപത്രികളിലുമാണ് കുത്തിവയ്പ് തുടങ്ങിയത്.

യു.പിയിലെ 75 ജില്ലകളിൽ ലക്‌നൗ, കാൺപൂർ, പ്രയാഗ്‌രാജ്, വാരണാസി, ഗൊരഖ്പൂർ, മീറത്ത്, ബറൈയ്‌ലി എന്നിവിടങ്ങളിലും ഗുജറാത്തിലെ 33 ജില്ലകളിൽ കൊവിഡ് രൂക്ഷമായ മെഹ്‌സാന, അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, ഭാവ്‌നഗർ, ജാംനഗർ, കച്ച്, ബറൂച്ച്, ഗാന്ധി നഗർ എന്നീ ജില്ലകളിലും ഛത്തീസ്ഗഢിൽ അന്ത്യോദയ, ബി.പി.എൽ കാർഡുള്ളവർക്കും

ജമ്മുകാശ്‌മീരിൽ ശ്രീനഗറിലെ ശ്രീ മഹാരാജാ ഹരിസിംഗ് ആശുപത്രിയിലുമാണ് തുടങ്ങിയത്. രാജസ്ഥാനിൽ കൊവിഡ് രൂക്ഷമായ ചില നഗരങ്ങളിലും വെള്ളിയാഴ്ച വൈകിട്ടോടെ 1.5 ലക്ഷം ഡോസ് കൊവാക്‌സിൻ എത്തിയതോടെ ഒഡിഷയിലും മൂന്നാംഘട്ടത്തിന് തുടക്കമായി.

മഹാരാഷ്ട്രയിൽ, പൂനെ കമല നെഹ്റു ആശുപത്രിയിലും നാഗ്പൂരിൽ ഇന്ദിരാഗാന്ധി ആശുപത്രിയിലും വാക്സിൻ നൽകി.

തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രിയായ അപ്പോളയിലും ഡൽഹിയിൽ മാക്സ് ആശുപത്രിയിലും വാക്സിനേഷൻ തുടങ്ങി.
മൂന്നാംഘട്ട വാക്സിനേഷനായി 18നും 44നും ഇടയിലുള്ള 2.66 കോടിയിലേറെ പേരാണ് രാജ്യത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത്. എന്നാൽ വാക്സിൻ ക്ഷാമം ചൂണ്ടിക്കാട്ടി ഭൂരിഭാഗം സംസ്ഥാനങ്ങളും കുത്തിവയ്പ് തുടങ്ങിയിട്ടില്ല. 79.13 ലക്ഷം ഡോസുകൾ മാത്രമാണ് സംസ്ഥാനങ്ങളുടെ കൈയിലുള്ളത്. പുതിയ കണക്ക് പ്രകാരം കേന്ദ്രത്തിന്റെ കൈയിൽ 17.31 ലക്ഷം ഡോസുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. കൂടുതൽ വാക്സിനെത്തിയശേഷം കുത്തിവയ്പ്പ് ആരംഭിക്കാമെന്നാണ് മറ്റു സംസ്ഥാനങ്ങളുടെ നിലപാട്.