mamata-banerjee

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ പശ്ചിമ ബംഗാളിലെ നന്ദിഗ്രാം മണ്ഡലത്തിൽ വോട്ടെണ്ണൽ മുതൽ ഫലപ്രഖ്യാപനം വരെ അടിമുടി നാടകം. ലീഡുകൾ മാറിമാറിഞ്ഞ് സസ്പെൻസ് നിറഞ്ഞ വോട്ടെണ്ണലിനൊടുവിൽ തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി ആദ്യം വിജയിച്ചെന്നും പിന്നീട് തോറ്റെന്നും പ്രഖ്യാപിച്ചതിനെ ചൊല്ലി തർക്കമുടലെടുത്തു. തൃണമൂൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടു. ഫലപ്രഖ്യാപനത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മമത അറിയിച്ചു.

17 റൗണ്ട് നീണ്ട വോട്ടെണ്ണലിനൊടുവിൽ മമത, എതിരാളിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ സുവേന്ദു അധികാരിയെ 1200 വോട്ടിന് തോല്പിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്. 1957 വോട്ടുകൾക്ക് സുവേന്ദുവാണ് ജയിച്ചതെന്ന വാർത്ത പിന്നാലെ വന്നു. കൗണ്ടിംഗ് കഴിഞ്ഞിട്ടില്ലെന്ന് തൃണമൂലും ഔദ്യോഗിക ഫലം പ്രഖ്യാപിച്ചില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിപ്പും വന്നതോടെ സർവത്ര ആശയക്കുഴപ്പമായി. ജനങ്ങളുടെ വിധി അംഗീകരിക്കുന്നുവെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോടതിയെ സമീപിക്കുമെന്ന് മമത അറിയിച്ചു.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ സുവേന്ദുവിനായിരുന്നു മുൻതൂക്കം. ആറാം റൗണ്ടിൽ മമത ലീഡ് പിടിച്ചെടുത്തു. എന്നാൽ 16-ാം റൗണ്ടിൽ സുവേന്ദു വീണ്ടും മുന്നിൽ. അടുത്ത റൗണ്ടിൽ മമതയ്ക്ക് 800 വോട്ട് ലീഡ്. ഒടുവിൽ അവസാന റൗണ്ടിലെ വോട്ടെണ്ണലിന് ശേഷമാണ് ആശയക്കുഴപ്പമുണ്ടായത്.

2011ൽ പാർട്ടിക്ക് അധികാരത്തിലേക്ക് ചുവടുവയ്ക്കാൻ ചവിട്ടുപടിയായ നന്ദിഗ്രാമിൽ, അന്ന് തന്റെ വലംകൈയായി നിന്ന സുവേന്ദു മത്സരിക്കാൻ വെല്ലുവിളിച്ചപ്പോൾ സ്ഥിരം മണ്ഡലമായ ഭവാനിപ്പൂർ വിട്ടാണ് മമത വന്നത്. നന്ദിഗ്രാമിൽ ബി.ജെ.പിക്ക് മുൻതൂക്കം ലഭിക്കുമെന്ന സൂചനകളെ തുടർന്ന് മമത രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കാൻ ആലോചിച്ചെങ്കിലും വേണ്ടെന്ന് വ‌ച്ചതാണ്.

മുൻ മണ്ഡലമായ ഭവാനിപൂരിൽ നിന്ന് 2011ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 54,000 വോട്ടുകൾക്കും 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 25,000ൽ പരം വോട്ടുകൾക്കുമാണ് മമത ജയിച്ചത്.