mamatha-banerjee

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ബി.ജെ.പി വെല്ലുവിളി മറികടന്ന് ഹാട്രിക് വിജയം നേടിയതോടെ ദേശീയ തലത്തിൽ മുഖ്യ പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള ശേഷി തെളിയിച്ചിരിക്കുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണമെന്ന് പ്രചാരണ സമയത്ത് മമതാ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും മറ്റും കത്തയ‌ച്ചിരുന്നു.

നിലവിൽ മുഖ്യ പ്രതിപക്ഷ സ്ഥാനമുള്ള കോൺഗ്രസ് കേരളത്തിൽ അടക്കം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിൽ പരുങ്ങലിലാണ്. അതേസമയം, ബി.ജെ.പിയെ ബംഗാളിൽ തളച്ചത് മമതയ്ക്ക് നേട്ടമാണ്. കോൺഗ്രസുമായി സഹകരിക്കാത്ത ബി.എസ്.പി നേതാവ് മായാവതി അടക്കമുള്ള നേതാക്കളെ പ്രതിപക്ഷ ഐക്യനിരയിലേക്ക് കൊണ്ടുവരാനും മമതയ്‌ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.