sc-of-india

ന്യൂഡൽഹി: കൊവിഡിന്റെ തീവ്ര വ്യാപനം കണക്കിലെടുത്ത് പൊതുജന താത്പര്യാർത്ഥം ലോക്ക്ഡൗൺ നടപ്പിലാക്കുന്നത് ആലോചിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു. ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിന് മുൻപ് ബുദ്ധിമുട്ട് സഹിക്കേണ്ടി വരുന്ന പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുള്ള സഹായങ്ങൾ ലഭ്യമാക്കാനും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വരറാവു, എസ്. രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ ഇറക്കിയ ഉത്തരവിലാണ് കോടതിയുടെ നിർദ്ദേശം.

ആൾക്കൂട്ടവും രോഗം പരത്തുന്ന പരിപാടികളും വിലയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കുന്നു. ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതും ആലോചിക്കാം. വൈറസ് വ്യാപനം തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തിയെന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

താമസം തെളിയിക്കുന്നതിനുള്ള രേഖ, തിരിച്ചറിയൽ കാർഡ് എന്നിവ ഇല്ലാത്തതിന്റെ പേരിൽ ഒരു രോഗിക്കും ആശുപത്രി പ്രവേശനവും ചികിത്സയും നിഷേധിക്കപ്പെടരുതെന്നും കോടതി നിഷ്കർഷിച്ചു. ആശുപത്രി പ്രവേശനത്തിനും മരുന്ന് വിതരണത്തിനും ദേശീയ നയം രൂപീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.