rahul-gandhi

വാരാന്ത്യ ലോക്ക്ഡൗൺ ഫലപ്രദമല്ലെന്ന് എയിംസ് ഡയറക്ടർ

ന്യൂഡൽഹി: കൊവിഡ് രണ്ടാംതരംഗം പിടിച്ചുകെട്ടാൻ സമ്പൂർണ ലോക്ക്ഡൗൺ വേണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിന്റെ നിഷ്‌ക്രിയത്വം നിരപരാധികളായ ജനങ്ങളുടെ ജീവനെടുക്കുകയാണ്. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സമ്പൂർണ ലോക്ക്ഡൗൺ മാത്രമേ വഴിയുള്ളൂ. അവശവിഭാഗങ്ങൾക്ക് മിനിമം വേതനം (ന്യായ് പദ്ധതി) ഉറപ്പാക്കിയാകണം ലോക്ക്ഡൗൺ നടപ്പാക്കേണ്ടതെന്നും രാഹുൽ ട്വീറ്റ് ചെയ്തു. കോൺഗ്രസിന്റെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും കേരള നിയമസഭാ തിരഞ്ഞെടുപ്പിലെയും വാഗ്ദാനമായിരുന്ന ന്യായ്.

രാജ്യത്ത് സമ്പൂർണ അടച്ചിടൽ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. അതേസമയം ദേശീയ തലത്തിൽ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്നാണ് പ്രധാനമന്ത്രി നേരത്തെ സൂചിപ്പിച്ചത്. സംസ്ഥാനങ്ങൾ അവസാന ആയുധമായേ ലോക്ക്ഡൗൺ പരിഗണിക്കാവൂവെന്നാണ് പ്രധാനമന്ത്രി നിർദ്ദേശം നൽകിയത്.

അതിനിടെ വാരാന്ത്യ ലോക്ക്ഡൗണും രാത്രി കർഫ്യൂവും ഫലപ്രദമല്ലെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. സമ്പൂർണ ലോക്ക്ഡൗൺ സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് നയപരമായ തലത്തിലാണ്. ഒരു പക്ഷേ രാജ്യം കൊവിഡിന്റെ മൂന്നാംതരംഗത്തിനും സാക്ഷിയായേക്കാമെന്നും അദ്ദേഹം പറഞ്ഞു.