air-india

ന്യൂഡൽഹി: രാജ്യത്തെ 18 വയസിന് മേൽ പ്രായമുള്ള എല്ലാ ഫ്ളൈയിംഗ് ക്രൂ അംഗങ്ങൾക്കും മുൻഗണനാ ക്രമത്തിൽ കൊവിഡ് വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്നും അല്ലെങ്കിൽ പണിമുടക്കുമെന്നും എയർ ഇന്ത്യാ പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐ.സി.പി.എ) മുന്നറിയിപ്പ് നൽകി. തടഞ്ഞു വച്ച ശമ്പളം പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അയച്ച കത്തിലാണിത്. കൊവിഡ് വരുന്നതിന് മുമ്പുള്ള വേതനം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമുണ്ട്. വന്ദേഭാരത് ദൗത്യങ്ങളിലും മറ്റും ഉൾപ്പെട്ടെങ്കിലും തങ്ങളെ മുന്നണിപ്പോരാളികളായി കാണുന്നില്ലെന്നും ശമ്പളം വെട്ടിക്കുറച്ചതായും അവർ പരാതിപ്പെട്ടു. ഒരു വർഷം മുമ്പ് 55ശതമാനം ശമ്പളം വെട്ടിക്കുറച്ചതിൽ അഞ്ചു ശതമാനമാണ് പുനഃസ്ഥാപിച്ചത്. കുടുംബത്തിന്റെ ചികിത്സാചെലവിനുള്ള തുകയെങ്കിലും ലഭിക്കണം. ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന നടപടികളാണ് എയർ ഇന്ത്യാ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതിനിടയിലും വന്ദേഭാരത് ദൗത്യത്തിലെ സർവീസുകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനം കൂടുതൽ സമ്മർദ്ദമുണ്ടാക്കും. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്കുമെന്നും കത്തിൽ വ്യക്തമാക്കി.