oxygen-shortage

യു.പിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് മരണം

ന്യൂഡൽഹി: സുപ്രീംകോടതി ഇടപെട്ടിട്ടും ഓക്സിജൻ ക്ഷാമം മൂലം ആശുപത്രികളിൽ കൊവിഡ് രോഗികൾ മരിക്കുന്നത് തുടർക്കഥയാകുന്നു. ഇന്നലെ ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ഓക്‌സിജൻ തടസപ്പെട്ട് വെൻറിലേറ്ററിലും വാർഡിലും കഴിഞ്ഞ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് രോഗികളാണ് മരിച്ചത്. തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ 13 രോഗികൾ മരിച്ചത് ഓക്സിജൻ കിട്ടാതെയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ആരോപണം ജില്ലാ ഭരണകൂടം നിഷേധിച്ചു. ആശുപത്രിയിൽ ആവശ്യത്തിന് ഓക്‌സിജൻ സംഭരിച്ചിരുന്നെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ തമിഴ്‌നാട്ടിലെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

യു.പിയിലെ ലക്‌നൗ ചിൻഹട്ടിലുള്ള ഓക്‌സിജൻ പ്ലാന്റിൽ വലിയ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് മൂന്നു പേർ മരിച്ചു. പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർണാടകത്തിൽ കഴിഞ്ഞദിവസം ഓക്‌സിജൻ കിട്ടാതെ 23 കൊവിഡ് രോഗികൾ മരിച്ചിരുന്നു.

നരഹത്യയെന്ന് ഹൈക്കോടതി

ഓക്സിൻ ഉറപ്പാക്കേണ്ടവരുടെ വീഴ്ചമൂലം ആശുപത്രികളിലുണ്ടാകുന്ന മരണം നരഹത്യയ്ക്ക് തുല്യമായ ക്രിമിനൽ കുറ്റമാണെന്ന് അലഹാബാദ് ഹൈക്കോടതി. ലക്‌നൗവിലും മീററ്റിലും ഓക്‌സിജൻ കിട്ടാതെ രോഗികൾ മരിച്ചെന്ന സമൂഹമാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ പരാമർശം. ഓക്‌സിജൻ ആശുപത്രികൾക്ക് ലഭ്യമാക്കാത്തത് ക്രിമിനൽ കുറ്റമാണ്. ഹൃദയമാറ്റിവയ്ക്കലും മസ്തിഷ്‌ക ശസ്ത്രക്രിയയും നടത്തുന്ന നിലയിൽ ശാസ്ത്രം പുരോഗമിച്ച കാലത്ത് ഇങ്ങനെ ജനങ്ങളെ മരിക്കാൻ വിടനാകില്ലെന്നും ജസ്റ്റിസ്‌മാരായ സിദ്ധാർത്ഥ വർമ്മ, അജിത് കുമാർ എന്നിവരുടെ ബെഞ്ച് പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലെ വാർത്തകളുടെ നിജിസ്ഥിതിയെ പറ്റി 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നി‌ർദ്ദേശിച്ചു.