ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ഉത്തരേന്ത്യയിലെ പ്രമുഖ ജാട്ട്നേതാവും രാഷ്ട്രീയ ലോക്ദൾ അദ്ധ്യക്ഷനുമായ അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു. 82വയസായിരുന്നു. ഏപ്രിൽ 20നാണ് കൊവിഡ് ബാധിച്ചത്. ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
മുൻ എം.പി കൂടിയായ മകൻ ജയന്ത് ചൗധരിയാണ് മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രാധികസിംഗ് ആണ് ഭാര്യ. രണ്ട് പുത്രിമാരും ഉണ്ട്.
മുൻപ്രധാനമന്ത്രിയും കർഷക നേതാവുമായിരുന്ന ചൗധരി ചരൺസിംഗിന്റെ മകനായ അജിത് സിംഗ് ഏഴ് തവണ പാർലമെന്റ് അംഗമായിരുന്നു.
വി.പി സിംഗ് മന്ത്രിസഭയിൽ വ്യവസായം, നരസിംഹറാവു സർക്കാരിൽ ഭക്ഷ്യം 2001 മുതൽ 2003വരെ വാജ്‌പേയി സർക്കാരിൽ കൃഷി, 2011ൽ മൻമോഹൻ സിംഗ് സർക്കാരിൽ വ്യോമയാനം എന്നീ വകുപ്പുകളുടെ മന്ത്രി ആയിരുന്നു.
ഉത്തർപ്രദേശിലെ മീററ്റിൽ 1939 ഫെബ്രുവരി 12നാണ് ജനനം. ഐ.ഐ.ടി ഖരഗ്പൂരിൽ നിന്ന് ബി.ടെക്കും അമേരിക്കയിലെ ഇല്ലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് എം. എസ് ബിരുദവും നേടി. കമ്പൂട്ടർ വിദഗ്ദ്ധനായിരുന്ന അജിത് സിംഗ് അറുപതുകളിൽ അമേരിക്കയിൽ ഐ.ബി.എമ്മിൽ ജോലി ചെയ്ത ആദ്യത്തെ ഇന്ത്യക്കാരിൽ ഒരാളാണ്. പതിനേഴ് വർഷം അമേരിക്കയിലായിരുന്ന അജിത് സിംഗ് 1981ലാണ് ചരൺസിംഗിന്റെ ആവശ്യപ്രകാരം രാഷ്‌ട്രീയ പിൻഗാമിയാകാൻ ഇന്ത്യയിൽ തിരിച്ചെത്തിയത്.
പക്ഷാഘാതം ചരൺ സിംഗിനെ അവശനാക്കിയതോടെ ലോക്ദളിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. 1986ൽ രാജ്യസഭാംഗമായി. 1987ൽ ചരൺസിംഗിന്റെ മരണശേഷം ലോക്ദൾ അദ്ധ്യക്ഷനാകുന്നതിനെ ചൊല്ലിയുള്ള ഭിന്നതകളെ തുടർന്ന് പാർട്ടിവിട്ട് ലോക് ദൾ അജിത് സിംഗ് എന്ന പാർട്ടി രൂപീകരിച്ചു. പീന്നീട് ജനത, ജനതാദൾ, കോൺഗ്രസ് പാർട്ടികളിലെത്തി. 1996ൽ രാഷ്ട്രീയ ലോക് ദൾ രൂപീകരിച്ചു. ചരൺസിംഗിന്റെ മണ്ഡലമായ പശ്ചിമ യു.പിയിലെ ഭാഗ്പതിൽ നിന്ന് 1989 മുതൽ ആറ് തവണ ലോക്‌സഭയിലെത്തി.1998ലും 2014ലും പരാജയപ്പെട്ടു. 2019ൽ മുസഫർനഗറിലേക്ക് മാറി മത്സരിച്ചെങ്കിലും
ഇപ്പോഴത്തെ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനോട് തോറ്റു.
പശ്ചിമ യു.പിയിലെ ജാട്ട് മേഖലയിൽ നിർണായക സ്വാധീനമുള്ള അജിത് സിംഗ് മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ അനുശോചിച്ചു.