ന്യൂഡൽഹി: സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പശ്ചിമബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പുറകെ പശ്ചിമബംഗാളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
ഫലപ്രഖ്യാപനത്തിന് ശേഷം തൃണമൂൽ പ്രവർത്തകർ എതിർ ചേരിയിലെ ആളുകൾക്കെതിരെ വ്യാപകമായ അക്രമം അഴിച്ചുവിട്ടെന്നും വീടുകളും മറ്റും കൊള്ളയടിച്ചെന്നും ചൂണ്ടിക്കാട്ടി അഡ്വ. അരിന്ദ്യ സുന്ദർദാസ് നൽകിയ ഹർജിയുടെ പ്രാധാന്യം ഉൾക്കൊണ്ട് വിശാല ബെഞ്ച് രൂപീകരിച്ചിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ, ജസ്റ്റിസുമാരായ ഐ.പി. മുഖർജി, ഹരീഷ് ടണ്ടൻ, സുബ്രതാ താലൂക്ദാർ, സൗമൻ സെൻ എന്നിവടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്.
അതിനിടെ, അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച അഡീഷണൽ സെക്രട്ടറി ഗോവിന്ദ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഗവർണർ ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തി. അക്രമം നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് സംഘം ഉടൻ കേന്ദ്രത്തിന് ഇടക്കാല റിപ്പോർട്ട് കൈമാറും.