ന്യൂഡൽഹി:കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിൽ കഴിയുന്നതും 14ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ച് മടങ്ങിയതുമായ ആസ്ട്രേലിയൻ പൗരൻമാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 15ഓടെ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. വിലക്കിന്റെ കാലാവധി കഴിയുന്നതും അന്നാണ്.
മേയ് 15ന് ശേഷം പൗരൻമാരെ പ്രത്യേക വിമാനങ്ങളിൽ തിരിച്ചുകൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയിലെ ആസ്ട്രേലിയൻ ഹൈക്കമ്മീഷനിലും കോൺസുലർ ഓഫീസിലും രജിസ്റ്റർ ചെയ്‌ത ആസ്ട്രേലിയൻ പൗരൻമാർക്ക് മുൻഗണന ലഭിക്കും.
നാട്ടിലേക്ക് മടങ്ങാനാകാതെ ആസ്ട്രേലിയൻ പൗരൻമാർ ശ്രീലങ്കയിലേക്കും മറ്റും കടന്നിട്ടുണ്ട്. സ്വന്തം പൗരൻമാർക്ക് വിലക്കേർപ്പെടുത്തിയത് ആസ്ട്രേലിയയിൽ വൻ വിവാദമായിരുന്നു. ഇന്ത്യയിൽ കുടുങ്ങിയ ഒരു ആസ്ട്രേലിയൻ പൗരൻ നൽകിയ കേസ് സിഡ്നി കോടതിയുടെ പരിഗണനയിലാണ്.