ദേശീയനേതൃത്വത്തെ കണ്ട് സൊനോവാളും ഹിമന്തയും
ന്യൂഡൽഹി: ഭരണത്തുടർച്ച നേടിയ അസാമിൽ മുഖ്യമന്ത്രിയാരാകുമെന്നതിനെ ചൊല്ലി ബി.ജെ.പിയിൽ തർക്കം രൂക്ഷം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്ന നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സൊനോവാളും ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഡൽഹിയിലെത്തി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.
ഇരു നേതാക്കളും പ്രത്യേകമായാണ് ദേശീയ അദ്ധ്യക്ഷൻ നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരെ കണ്ടത്.
ഹിമന്ത ശർമ്മയാണ് ആദ്യം ദേശീയ നേതാക്കളെ കണ്ടത്. പിന്നാലെ സർബാനന്ദ സൊനോവാളും നേതാക്കളെ കണ്ടു. ഇന്ന് ബി.ജെ.പി നിയമസഭാകക്ഷി യോഗം ഗുവാഹത്തിയിൽ ചേരുമെന്നും മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിനുള്ള ഉത്തരം യോഗശേഷമുണ്ടാകുമെന്നും നദ്ദയെ കണ്ട് മടങ്ങുന്നതിനിടെ ഹിമന്ത മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസം കൃഷിമന്ത്രി തോമർ സംസ്ഥാനത്തെത്തി ഇരുനേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇരുവരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
2016ൽ സൊനോവാളിനെ മുൻനിറുത്തി തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി ഇക്കുറി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് മത്സരിച്ചത്.
അസാമിൽ നിർണായക സ്വാധീനമുള്ള മുൻ കോൺഗ്രസ് നേതാവായ ഹിമന്തയ്ക്കാണ് ഇക്കുറി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കമെന്നാണ് റിപ്പോർട്ടുകൾ.