പുതുച്ചേരിയും പൂട്ടി ലോക്ക് ഡൗൺ നീട്ടി ഡൽഹി, യു.പി
ന്യൂഡൽഹി: രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കൊവിഡ് രണ്ടാംതരംഗത്തെ പിടിച്ചുകെട്ടാൻ സംസ്ഥാനങ്ങൾ ഏറക്കുറെ അടച്ചുപൂട്ടിയ നിലയിൽ. 29 സംസ്ഥാനങ്ങളിൽ ഇരുപതോളമിടത്ത് ഇതുവരെ സമ്പൂർണ അടച്ചിടലോ സമാന നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്ഥിതി രൂക്ഷമായ ഡൽഹിയും യു.പിയും ലോക്ക് ഡൗൺ 17 വരെ നീട്ടി. ഡൽഹി മെട്രോ സർവീസ് നിറുത്തിവച്ചു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കു പിന്നാലെ പുതുച്ചേരികൂടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ദക്ഷിണേന്ത്യ പൂർണമായും അടഞ്ഞു. 24 വരെയാണ് പുതുച്ചേരിയിലെ അടച്ചിടൽ. ആന്ധ്രയിൽ ഭാഗിക ലോക്ക്ഡൗൺ.
തമിഴ്നാട്ടിലും കർണാടകത്തിലും രാജസ്ഥാനിലും 24 വരെ ലോക്ക് ഡൗൺ ആണ്. ബീഹാറിൽ 15 വരെയും ഒഡിഷയിൽ 19 വരെയും ഗോവയിൽ 23 വരെയുമാണ് അടച്ചിടൽ. മഹാരാഷ്ട്രയിൽ ഏപ്രിൽ അഞ്ചു മുതൽ കർശന നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഛത്തിസ്ഗഢിലും ബംഗാളിലും ഭാഗിക ലോക്ക് ഡൗൺ. പഞ്ചാബിൽ വാരാന്ത്യ ലോക്ക് ഡൗണും രാത്രി കർഫ്യൂവും. ഹരിയാനയിലും ജാർഖണ്ഡിലും അടച്ചിടൽ നീട്ടിയേക്കും. ജമ്മു കാശ്മീരിൽ കർഫ്യൂ 17 വരെ നീട്ടി.