ന്യൂഡൽഹി: ഭാരത് ബയോടെക്ക് നേരിട്ട് കൊവാക്സിൻ നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളം ഇല്ല. ആന്ധ്ര, അസാം, ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ജമ്മുകാശ്മീർ, ജാർഖണ്ഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന, യു.പി, പശ്ചിമബംഗാൾ എന്നീ 14 സംസ്ഥാനങ്ങൾക്കാണ് ഉടൻ കൊവാക്‌സിൻ നൽകുക. സ്റ്റോക്ക് അനുസരിച്ച് മറ്റു സംസ്ഥാനങ്ങൾക്ക് പിന്നാലെ ലഭ്യമാക്കും.
കേരളം 30 ലക്ഷത്തോളം കൊവാക്സിൻ ഡോസാണ് ഭാരത് ബയോടെക്കിൽ നിന്ന് വാങ്ങാൻ ഉദ്ദേശിച്ചത്. വാക്സിൻ ക്ഷാമം കേരളത്തിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ബാധിച്ചിരിക്കെയാണ് ഇന്ത്യയുടെ സ്വന്തം വാക്സിനു വേണ്ടിയും കേരളം കാത്തിരിക്കേണ്ടിവരുന്നത്. 18 വയസിനു മുകളിലുള്ളവർക്ക് വാക്‌സിൻ നൽകാനാണ് സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നിർമ്മാതാക്കളിൽ നിന്ന് വാക്‌സിൻ നേരിട്ട് വാങ്ങാൻ കേന്ദ്രം അനുമതി നൽകിയത്.
ഒരു ഡോസിന് 400 രൂപയ്ക്കാണ് ഭാരത്ബയോടെക് സംസ്ഥാനങ്ങൾക്ക് വിൽക്കുന്നത്. സ്വകാര്യ ആശുപത്രികൾക്ക് 1,200 രൂപ നൽകണം.