covid

ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്ക് ഇന്ത്യൻ ശാസ്‌ത്രജ്ഞർ തദ്ദേശീയമായി വികസിപ്പിച്ച 2- ഡി ഓക്‌സി - ഡി - ഗ്ലൂക്കോസ് ( 2 - ഡി ജി ) മരുന്ന് അടുത്തയാഴ്ച മുതൽ ഡി.ആർ.ഡി.ഒ ആശുപത്രികളിൽ ലഭ്യമാകും. പൊതുവിപണിയിൽ ഉടൻ ലഭ്യമായേക്കില്ല. ഡി. ആർ. ഡി. ഒയും ഡോ.റെഡ്ഡീസ് ലബോറട്ടറിയും സംയുക്തമായി വികസിപ്പിച്ച മരുന്ന് കൊവിഡ് രോഗികളിൽ അടിയന്തരമായി ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം തിരഞ്ഞെടുത്ത രോഗികൾക്ക് മാത്രമാകും മരുന്ന് നൽകുക. ഇതുകൊണ്ടാണ് ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള ആശുപത്രികളിൽ ചികിത്സ ആരംഭിക്കുന്നത്. ഒരുമാസത്തിനുള്ളിൽ മറ്റ് ആശുപത്രികളിലും 2-ഡി.ജി മരുന്ന് എത്തുമെന്നാണ് സൂചന. മരുന്ന് വ്യാവസായിക തലത്തിൽ കൂടുതലായി ഉൽപാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഡോ.റെഡ്ഡീസ് ലാബോറട്ടറീസുമായി ചർച്ച നടത്തുകയാണ്. റഷ്യൻ വാക്സിനായ സ്പുട്നിക് ഇന്ത്യയിൽ നിർമ്മിക്കുന്നതും ഡോ.റെഡ്ഡീസാണ്.

@ കൂടുതൽ ഫലപ്രദം

ഐ.സി.എം.ആർ നിർദ്ദേശിച്ചിട്ടുള്ള ചികിത്സയ്‌ക്കൊപ്പം 2 - ഡി ജി മരുന്നു കൂടി നൽകുമ്പോഴാണ് കൂടുതൽ ഫലപ്രദമാകുന്നത്. മിതമായും തീവ്രമായും രോഗ ബാധയുള്ളവരിൽ ഒരേപോലെ പ്രവർത്തിക്കുന്ന മരുന്ന് വൈറസ് പെരുകുന്നത് തടയുന്നതിനാൽ രണ്ടര ദിവസം നേരത്തെ രോഗമുക്തിയുണ്ടാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. വെള്ളത്തിൽ അലിയിച്ച് കഴിക്കുന്ന പൊടിരൂപത്തിലുള്ള മരുന്ന് രോഗം ബാധിച്ച കോശങ്ങളിൽ നിറഞ്ഞ് വൈറസുകളെ നശിപ്പിക്കുന്നു.ജനിതക മാറ്റം വന്ന വൈറസിനും ഫലപ്രദമാണെന്നും ഓക്സിജൻ ചികിത്സ കുറയ്ക്കാമെന്നും തെളിഞ്ഞിട്ടുണ്ട്. ഒരാഴ്ച കൊണ്ട് കൊവിഡ് നിയന്ത്രണ വിധേയമാകുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞു.

അസംസ്‌കൃത വസ്‌തുക്കളായ ജനറിക് തന്മാത്രയും ഗ്ലൂക്കോസിന്റെ വകഭേദവും രാജ്യത്ത് സുലഭമായതിനാൽ വൻ തോതിൽ മരുന്ന് ഉൽപാദിപ്പിക്കാം.