ന്യൂഡൽഹി:കൊവിഡ് വാക്‌സിൻ രണ്ടാം ഡോസ് എടുക്കാനുള്ളവർക്ക് മുൻഗണന നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി.
കേന്ദ്രം സൗജന്യമായി നൽകുന്ന വാക്സിന്റെ 70 ശതമാനമെങ്കിലും രണ്ടാമത്തെ ഡോസിനായി മാറ്റിവയ്ക്കണം. ബാക്കി 30 ശതമാനം ആദ്യ ഡോസിനായി നീക്കിവയ്ക്കാം. മുഴുവനും രണ്ടാം ഡോസിനായി മാറ്റിവയ്ക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കുണ്ടെന്നും ഇത് നിർദ്ദേശം മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി.
രണ്ട് ഡോസും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരണം ഊർജിതമാക്കണം. രണ്ടാം ഡോസ് എടുക്കേണ്ടവരുടെ പട്ടിക സംസ്ഥാനങ്ങൾക്ക് കൊവിൻ പ്ലാറ്റ്ഫോമിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വൃദ്ധ സദനങ്ങളിലെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡില്ലാത്ത മുതിർന്ന പൗരന്മാർക്കും ഇനി വാക്സിനായി രജിസ്റ്റർ ചെയ്യാം. മേയ് 15 മുതൽ 31 വരെയുള്ള വാക്സിൻ വിഹിതത്തിന്റെ വിവരങ്ങൾ മേയ് 14 ന് സംസ്ഥാനങ്ങളെ അറിയിക്കും.
വാക്‌സിൻ പാഴാക്കുന്നത് കുറയ്ക്കണം. നേരിട്ട് വാക്സിൻ വാങ്ങുമ്പോൾ നിർമ്മാതാക്കളുമായുള്ള ഏകോപനത്തിനും കാര്യക്ഷമമായ സംഭരണത്തിനും സംസ്ഥാന തലത്തിൽ മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേകസംഘം രൂപീകരിക്കണം.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗമാണ് നിർദ്ദേശങ്ങൾ വച്ചത്.