ന്യൂഡൽഹി: രാജ്യത്തെ ജയിലുകൾ നിറഞ്ഞു കവിയുന്ന സാഹചര്യത്തിലും കൊവിഡ് പ്രതിരോധം കണക്കിലെടുത്തും പ്രതികളെ വീട്ടു തടങ്കലിൽ സൂക്ഷിക്കുന്നത് ജുഡിഷ്യൽ കസ്റ്റഡിക്ക് തുല്യമായി കണക്കാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രതികളുടെ പ്രായം, ആരോഗ്യം, ചരിത്രം തുടങ്ങിയവ പരിഗണിച്ചായിരിക്കണം വീട്ടുതടങ്കലെന്നും ജസ്റ്റിസുമാരായ യു.യു. ലളിതും കെ.എം. ജോസഫും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എന്നാൽ അന്തിമ തീരുമാനം നിയമ നിർമ്മാണസഭയ്ക്ക് വിടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജയിലുകളിൽ സ്ഥലമില്ലാത്ത സാഹചര്യവും 6,818 കോടിരൂപ ഒാരോ വർഷവും ജയിലുകൾക്കായി ബഡ്ജറ്റിൽ നീക്കിവയ്ക്കുന്നതും കണക്കിലെടുത്താണ് നിർദ്ദേശമെന്നും കോടതി പറഞ്ഞു.
കൊവിഡ് സാഹചര്യം പരിഗണിച്ച് തടവുകാർക്ക് പരോൾ നൽകിയും മോചിപ്പിച്ചും ജയിലുകൾ കൊവിഡ് മുക്തമാക്കാനും കോടതി ഉത്തരവിട്ടിരുന്നു.