vaccine

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്സിൻ ലഭ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശ വാക്സിൻ നിർമ്മാതാക്കളെ ഇന്ത്യയിലേക്ക് വീണ്ടും ക്ഷണിച്ച് കേന്ദ്രം.

യു.എസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ലോകാരോഗ്യസംഘടനയും അംഗീകരിച്ച ഏത് വാക്‌സിനും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് വാക്സിനുമായി ബന്ധപ്പെട്ട വിദഗ്ദ്ധ സമിതി തലവൻ ഡോ.വി.കെ. പോൾ പറഞ്ഞു. അപേക്ഷ നൽകിയാൽ ഒന്നോ രണ്ടോദിവസത്തിനുള്ളിൽ തന്നെ ഇറക്കുമതി ലൈസൻസ് ലഭ്യമാക്കും.

ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ കമ്പനികളെ ഇന്ത്യ ഔദ്യോഗികമായി സമീപിച്ചു. ഇന്ത്യയിൽ പങ്കാളികളെ കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള സഹായങ്ങൾ കേന്ദ്രം വാഗ്ദാനം ചെയ്തു. അതേസമയം ജൂലായ്- സെപ്തംബറോടെയേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവൂ എന്നാണ് കമ്പനികളുടെ നിലപാട്. മുൻകൂർ നിശ്ചയിച്ച പദ്ധതിയനുസരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും കമ്പനികൾ കേന്ദ്രത്തെ അറിയിച്ചു.
ഒറ്റ ഡോസ് വാക്സിനായ ജോൺസൺ ആൻഡ് ജോൺസൺ ക്ലിനിക്കൽ പരീക്ഷണത്തിനായി ഡ്രഗ്സ് കൺട്രോളർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അതിനിടെ യു.പി, മഹാരാഷ്ട്ര,ഒഡിഷ എന്നീ സംസ്ഥാനങ്ങൾ വിദേശത്ത് നിന്ന് നേരിട്ട് വാക്‌സിനുകൾ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.