ന്യൂഡൽഹി: മെഡിക്കൽ ഓക്സിജൻ വിതരണത്തിലെ പ്രതിസന്ധി മൂലം ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം 75 ആയി.
ഇന്നലെ പുലർച്ചെ 13 പേർ കൂടി മരിച്ചു. വ്യാഴാഴ്ച 15 പേരും ബുധനാഴ്ച 21പേരും ചൊവ്വാഴ്ച 26 പേരുമാണ് മരിച്ചത്.
ഗോവയിലെ ഏറ്റവും വലിയ കൊവിഡ് ആശുപത്രിയിലാണ് കൂട്ടമരണമുണ്ടായത്. ഓക്സിജൻ കിട്ടാതെയാണ് മരണമെന്ന ആരോപണം ശക്തമാകുമ്പോഴും അത് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല.
മെഡിക്കൽ ഓക്സിജൻ നിറയ്ക്കുമ്പോൾ സാങ്കേതിക പ്രശ്നമുണ്ടായി രോഗികൾക്കുള്ള ഓക്സിജൻ വിതരണത്തിൽ കുറവ് വരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. ഗോവ ഹൈക്കോടതിയിലും ഈ നിലപാടാണ് സർക്കാരെടുത്തത്.