bv-srinivas

ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ ഡൽഹിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമായി പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി.വി ശ്രീനിവാസിനെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 11.45ഓടെ യൂത്ത് കോൺഗ്രസ് ആസ്ഥാനത്തെ ഓഫീസിലെത്തിയാണ് 20 മിനുട്ടോളം ചോദ്യം ചെയ്തത്. രാഷ്ട്രീയക്കാർ നിയമവിരുദ്ധമായി മരുന്നുകൾ വിതരണം ചെയ്യുന്നതടക്കമുള്ള ഹർജിയിൽ ഹൈക്കോടതി നി‌ർദ്ദേശപ്രകാരമാണ് അന്വേഷണമെന്ന് ഡൽഹി പൊലീസ് പറ‌ഞ്ഞു.
അതേസമയം നടപടിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ വിമർശിച്ചു. കൊല്ലുന്നവനെക്കാൾ വലുതാണ് രക്ഷിക്കുന്നവനെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ഒന്നും ഒളിക്കാനില്ലെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ശ്രീനിവാസും വ്യക്തമാക്കി.

റെംഡെസിവിർ അടക്കമുള്ള മരുന്നുകൾ ചില രാഷ്ട്രീയ നേതാക്കൾ നിയമവിരുദ്ധമായി സംഭരിച്ച് വിതരണം ചെയ്യുന്നതായുള്ള പരാതിയിൽ അന്വേഷണം നടത്താൻ മേയ് നാലിനാണ് ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഹർജി 17ന് വീണ്ടും കേൾക്കും.