vaccine-caller-tune

ന്യൂഡൽഹി: ആവശ്യത്തിന് വാക്സിൻ ഇല്ലാതിരിക്കുന്ന സമയത്ത് ജനങ്ങളോട് വാക്സിനേഷൻ ചെയ്യാൻ ആവശ്യപ്പെടുന്ന കാളർ ട്യൂൺ അരോചകമെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു.

ഫോൺ വിളിക്കുമ്പോഴെല്ലാം കൊവിഡിനെതിരെ വാക്സിനെടുക്കാനുള്ള സന്ദേശമാണ് കാളർ ട്യൂണായി കേൾക്കുന്നത്. എത്രകാലം ഇത് കേൾക്കേണ്ടിവരും. നിങ്ങൾ ആർക്കും വാക്സിനേഷൻ നൽകുന്നില്ലല്ലോ. എന്നിട്ടും സന്ദേശത്തിൽ പറയുന്നു: വാക്സിനെടുക്കാൻ. ആരു നൽകും വാക്സിൻ? ജസ്റ്റിസ് വിപിൻ സാംഘിയും രേഖാപള്ളിയും അടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാർ അഭിഭാഷകനോട് ചോദിച്ചു.

ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയുടെ വീഡിയോ സന്ദേശം പോലുള്ള ഐ.സി.എം.ആറിന്റെ ബോധവത്കരണ പരിപാടികൾ ദേശീയ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചു. ബോളിവുഡ് താരം അമിതാബ് ബച്ചനെപ്പോലുള്ളവരെ കൊണ്ടുവന്ന് ഡോ. ഗുലേറിയ, നീതി ആയോഗ് അംഗം ഡോ. പോൾ എന്നിവരുമായി അഭിമുഖം നടത്താം. കൈ സോപ്പിട്ട് കഴുകുന്നതിന്റെ ആവശ്യകത വ്യക്തമാക്കിയതുപോലെ ഓക്സിജൻ സിലിണ്ടറുകളുടെയും കോൺസെൻട്രേറ്ററുകളുടെയും ഉപയോഗത്തെക്കുറിച്ചും ജനങ്ങൾക്ക് ബോധവത്കരണം നൽകണമെന്നും കോടതി പറഞ്ഞു.