aiim

ന്യൂഡൽഹി: കൊവിഡ് ബാധിച്ചവരിൽ കണ്ടുവരുന്ന ഫംഗസ് രോഗമായ മ്യൂക്കോമൈക്കോസിസ്(ബ്ളാക്ക് ഫംഗസ്), രോഗികൾ കഴിക്കുന്ന സ്റ്റിറോയ്ഡുകളുടെ ദുരുപയോഗം കാരണമാകാമെന്ന് ഡൽഹി എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. ശരിയായ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാലിച്ച് ഫംഗസ്, ബാക്‌ടീരിയ ബാധ തടയാമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന സർക്കാർ മ്യൂക്കോമൈറ്റോസിസിനെ ജാഗ്രതാപട്ടികയിൽ ഉൾപ്പെടുത്തി.

മ്യൂക്കോമൈക്കോസിസിന് കാരണമായ ഫംഗസ് മണ്ണിലും വായുവിലും ആഹാരത്തിലും കണ്ടുവരുന്നുണ്ട്. സാധാരണഗതിയിൽ അവ അപകടകാരികളല്ല. കൊവിഡ് ബാധിക്കാത്തവരിൽ രോഗം അപൂർവ്വമാണ്. പ്രമേഹമുള്ളവരിലും സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവരിലും സാദ്ധ്യത ഏറെയാണ്. സ്റ്റിറോയ്ഡുകളുടെ ദുരുപയോഗം ഒഴിവാക്കണമെന്നും ഡോ. ഗുലേറിയ നിർദ്ദേശിച്ചു.

മുഖം, മൂക്ക്, കണ്ണ്, തലച്ചോർ എന്നിവിടങ്ങളിലാണ് ഫംഗസ് ബാധിക്കുക. കണ്ണിന്റെ കാഴ്ച നഷ്‌ടമായേക്കാം. ശ്വാസകോശങ്ങളിലേക്കും വ്യാപിക്കാം. ഡൽഹി എയിംസിൽ ചികിത്സയിലുള്ള 23 മ്യൂക്കോമൈക്കോസിസ് രോ
ഗികളിൽ 20 പേർ കൊവിഡ് പോസിറ്റീവാണ്. രാജ്യത്ത് 500ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ് ബാധിച്ചവരിൽ ഫംഗസ്, ബാക്‌ടീരിയ അണുബാധ കണ്ടുവരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പ്രതിരോധ പ്രോട്ടോക്കോൾ പാലിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.