ന്യൂഡൽഹി: തദ്ദേശീയ കൊവിഡ് വാക്സിനായ കൊവാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതു- സ്വകാര്യ മരുന്നുനിർമ്മാണ കമ്പനികൾക്ക് സഹായം നൽകാൻ കേന്ദ്ര തീരുമാനം. സെപ്തംബറോടെ കൊവാക്സിൻ ഉൽപ്പാദനം പ്രതിമാസം 10 കോടിയായി ഉയർത്താൻ ലക്ഷ്യമിട്ട് മിഷൻ കൊവിഡ് സുരക്ഷ എന്ന പേരിൽ ബയോടെക്നോളജി വകുപ്പാണ് സഹായം നൽകുന്നത്.
കൊവാക്സിൻ ഉത്പാദകരായ ഭാരത് ബയോടെക്കിന്റെ ബംഗ്ലുരുവിലെ പുതിയ കേന്ദ്രത്തിന് 65 കോടി രൂപ ഗ്രാന്റ് കേന്ദ്രം നൽകും. മഹാരാഷ്ട്രയിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഹാഫ്കിൻ ബയോഫാർമസ്യൂട്ടിക്കൽ കോർപ്പറേഷന് പ്രതിമാസം രണ്ട് കോടി വാക്സിനുകൾ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ട് 65 കോടിയും അനുവദിക്കും. ഹൈദരാബാദിൽ നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡിന് കീഴിലുള്ള ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡിന് 60 കോടിയും ബുലന്ദ്ഷഹറിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇമ്മ്യൂണോളജിക്കൽസ് ആൻഡ് ബയോളജിക്കൽസ് ലിമിറ്റഡിന് 30 കോടിയും നൽകും
രണ്ടാം ഡോസിന്റെ കാലതാമസം,വിദേശത്ത് മടങ്ങേണ്ടവർക്ക് ഇളവ് തേടും
കൊവീഷീൽഡ് വാക്സിൻ ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് എടുക്കാൻ 12 ആഴ്ച കഴിയണമെന്ന കേന്ദ്ര നിർദ്ദേശത്തിൽ വിദേശത്തേക്ക് മടങ്ങിപ്പോകേണ്ടവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇളവ് തേടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ കേന്ദ്രനിർദ്ദേശ പ്രകാരം, കൊവീഷീൽഡ് എടുത്തവർക്ക് 12 ആഴ്ച കഴിഞ്ഞാലേ സോഫ്റ്റ്വെയറിൽ രണ്ടാമത്തെ ഡോസ് രേഖപ്പെടുത്താൻ കഴിയൂ. എങ്കിലേ സർട്ടിഫിക്കറ്റ് ലഭിക്കൂ. ഇതിലാണ് ഇളവ് തേടുന്നത്.
അതേസമയം 18 - 44 വയസുള്ളവർക്ക് വാക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഗുരുതര രോഗങ്ങൾ ഉള്ളവർക്കാവും മുൻഗണന. ഹൃദ്റോഗങ്ങൾ, സങ്കീർണമായ ഹൈപ്പർ ടെൻഷൻ, പ്രമേഹം, കരൾ വീക്കം, കാൻസർ, സിക്കിൾ സെൽ അനീമിയ, എച്ച്.ഐ.വി തുടങ്ങിയ രോഗാവസ്ഥയുള്ളവരും അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും, ഡയാലിസിസ് ചെയ്യുന്നവരും ഭിന്നശേഷി വിഭാഗവും ഉൾപ്പെടെ ഏകദേശം 20 വിഭാഗങ്ങളിൽ പെടുന്നവർക്കാണ് മുൻഗണന.
18 കഴിഞ്ഞവർക്ക് വാക്സിൻ: മുൻഗണനയ്ക്ക്24686 പേർ
18 - 44 വയസുള്ളവർക്ക് വാക്സിനേഷനായി രജിസ്റ്റട്രേഷൻ ആരംഭിച്ചതിന് പിന്നാലെ മുൻഗണനയ്ക്കായി രജിസ്റ്റർ ചെയ്തത് 24686 പേർ. ഇന്നലെ രാത്രി ഒൻപത് വരെ ഒരാൾക്ക് അനുമതി നൽകി. രാവിലെ 9.30നാണ് രജിസ്ട്രേഷൻ തുടങ്ങിയത്. ഗുരുതര രോഗങ്ങൾ ഉള്ളവർക്കാണ് മുൻഗണന ലഭിക്കുന്നത്. ഹൃദ്റോഗങ്ങൾ, സങ്കീർണമായ ഹൈപ്പർ ടെൻഷൻ, പ്രമേഹം, കരൾ വീക്കം, കാൻസർ, സിക്കിൾ സെൽ അനീമിയ, എച്ച്.ഐ.വി തുടങ്ങിയ രോഗാവസ്ഥയുള്ളവരും അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും, ഡയാലിസിസ് ചെയ്യുന്നവരും ഭിന്നശേഷി വിഭാഗവും ഉൾപ്പെടെ ഏകദേശം 20 വിഭാഗങ്ങളിൽ പെടുന്നവർക്കും വാക്സിനേഷന് മുൻഗണന ലഭിക്കും. ആദ്യമായി https://www.cowin.gov.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അതിന് ശേഷം മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റിലാണ് രോഗ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.