rahul-gandhi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച 17പേരെ ഡൽഹിയിൽ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് 'എന്നെയും അറസ്റ്റു ചെയ്യൂ' പ്രചാരണം തുടങ്ങി. 'മോദി ജീ ഞങ്ങളുടെ കുട്ടികൾക്കുള്ള വാക്സിൻ വിദേശത്ത് അയച്ചതെന്തിന്' എന്നെഴുതിയ പോസ്റ്ററുകൾ ഡൽഹിയിലുടനീളം പതിച്ചും സാമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചുമാണ് പ്രചാരണം.

പോസ്റ്ററിനൊപ്പം ട്വിറ്ററിൽ രാഹുൽ ഗാന്ധി 'എന്നെയും അറസ്റ്റു ചെയ്യൂ' എന്ന് ഇംഗ്ളീഷിലും ഹിന്ദിയിലും കമന്റിട്ടു. കോൺഗ്രസ് നേതാവ് ജയറാം രമേശ് തന്റെ ഔദ്യോഗിക വസതിക്കു പുറത്തെ മതിലിൽ പോസ്റ്റർ ഒട്ടിച്ച ശേഷം ' എന്നെയും അറസ്റ്റു ചെയ്യൂ' സന്ദേശം ട്വീറ്റു ചെയ്‌തു. മോദിയെ വിമർശിക്കുന്നത് കുറ്റകരമാക്കിയോ എന്നും ഇന്ത്യൻ ശിക്ഷാനിയമം 'മോദി ശിക്ഷാ നിയമം' എന്നു പരിഷ്കരിച്ചോയെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് നേതാക്കളായ പി. ചിദംബരം, മനു അഭിഷേക് സിംഗ്‌‌വി, തൃണമൂൽ എം..പി മഹുവ മൊയ്ത്ര എന്നിവരും കേന്ദ്ര സർക്കാർ നടപടിയെ അപലപിച്ചു.