farmers-protest

ന്യൂഡൽഹി: ഹരിയാനയിലെ ഹിസാറിൽ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹർലാൽ ഖട്ടറിനെതിരായ കർഷക പ്രതിഷേധം സംഘ‌ർഷത്തിൽ കലാശിച്ചു. പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിലും ടിയർ ഗ്യാസ് പ്രയോഗത്തിലും സ്ത്രീകൾ ഉൾപ്പെടെ 50ഓളം കർഷകർക്ക് പരിക്കേറ്റു. കല്ലേറിൽ ഡി.എസ്.പി ഉൾപ്പെടെ 20 ഓളം പൊലീസുകാർക്കും പരിക്കേറ്റു. സംഘർഷത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹൈവേകളും ഹിസാറിലെ ഐ.ജി ഓഫീസും കർഷകർ ഉപരോധിച്ചു. കൊവിഡ് ചട്ടങ്ങൾ ലംഘിച്ചാണ് പ്രതിഷേധങ്ങൾ നടന്നത്. കസ്റ്റഡിയിലെടുത്ത കർഷകരെ വിട്ടില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പൊലീസ് സ്റ്റേഷനുകൾ ഉപരോധിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർനാം സിംഗ് ചാധുനി മുന്നറിയിപ്പ് നൽകി.
ഹിസാർ ടൗണിലെ വ്യവസായ മേഖലയിലുള്ള ഓംപ്രകാശ് ജിൻഡാൽ മോഡേൺ സ്‌കൂളിൽ സ്ഥാപിച്ച 500 കിടക്കകളുള്ള കൊവിഡ് സെന്റർ ഉദ്ഘാടനം ചെയ്യാനാണ് ഖട്ടറെത്തിയത്. മുഖ്യമന്ത്രിയെ തടയുമെന്നും കരിങ്കൊടി കാണിക്കുമെന്നും ക‌ർഷകർ പ്രഖ്യാപിച്ചിരുന്നു.

പ്രതിഷേധവുമായെത്തിയ ക‌ർഷകരെ പൊലീസിന് തുടക്കത്തിൽ തടയാനായി. എന്നാൽ മുഖ്യമന്ത്രി വേദിയിലേക്കെത്തിയതോടെ ബാരിക്കേഡുകളും മറ്റു നീക്കി കർഷകർ മാർച്ചായി അങ്ങോട്ടേക്ക് നീങ്ങി. ഇത് തടഞ്ഞ പൊലീസ് ലാത്തിവീശിയതോടെ കർഷകർ കല്ലെറിഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ടിയർ ഗ്യാസും പൊലീസ് പ്രയോഗിച്ചു. പൊലീസ് പ്ലാസ്റ്റിക് ബുള്ളറ്റുകൾ പ്രയോഗിച്ചതായും കർഷകർ ആരോപിച്ചു.

ഇതിനിടെ പരിപാടി വെട്ടിച്ചുരുക്കി ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി അടുത്ത ചടങ്ങ് നടക്കുന്ന ഗുഡ്ഗാവിലേക്ക് പോയി.

നിരവധി കർഷകർ അറസ്റ്റിലായതായി കർഷക നേതാവ് ഗുർനാം സിംഗ് ചൗധുനി പറഞ്ഞു.

ഓൺലൈനായി പരിപാടി നടത്താമായിരുന്നു. എന്നാൽ 500 ലേറെ പേർ ഉദ്ഘാടന ചടങ്ങിനെത്തി. കർഷകരെ പ്രകോപിപ്പിക്കാൻ ബോധപൂർവമാണ് ആളുകളെയെത്തിച്ചത്. കൊവിഡ് പരത്തുന്നുവെന്ന് പറഞ്ഞ് തങ്ങളെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

മൂന്നുമാസമായി

കർഷക സമരം ഗ്രാമങ്ങളിൽ കൊവിഡ് പടർത്തുന്നുവെന്നും സമരം അവസാനിപ്പിക്കണമെന്നും ഖട്ടർ കഴിഞ്ഞദിവസം പറഞ്ഞതും കർഷകരിൽ പ്രതിഷേധം ശക്തമാക്കാനിടയാക്കി.

.