co

ന്യൂഡൽഹി:കൊവിഡ് ചികിത്സയ്‌ക്ക് ഇന്ത്യൻ ശാസ്‌ത്രജ്ഞർ തദ്ദേശീയമായി വികസിപ്പിച്ച 2- ഡി ഓക്‌സി - ഡി - ഗ്ലൂക്കോസ് ( 2 - ഡി ജി ) മരുന്നിന്റെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പുറത്തിറക്കി. ആദ്യഘട്ടത്തിൽ തയ്യാറാക്കിയ 10,000 ഡോസ് മരുന്ന് ഉടൻ രാജ്യത്തെ ആശുപത്രികളിൽ എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വീഡിയോ കോൺഫറൻസിലൂടെ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന് മരുന്ന് കൈമാറിയാണ് രാജ്നാഥ് സിംഗ് ഉദ്ഘാടനം നിർവഹിച്ചത്. എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയയ്ക്കും സായുധ സേനാ മെഡിക്കൽ സർവീസിലെ ലെഫ്. ജനറൽ സുനിൽ കാന്തിനും മരുന്ന് കൈമാറി.

സംയുക്തമായി മരുന്ന് വികസിപ്പിച്ച ഡി.ആർ.ഡി.ഒയുടെ ഡൽഹി ലാബോറട്ടറിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ളിയർ മെഡിസിൻ ആൻഡ് അലീഡ് സയൻസസിനെയും(ഇൻമാസ്)ഡോ. റെഡ്ഡീസ് ലാബോറട്ടറീസിനെയും രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ഓക്സിജൻ ചികിത്സ കുറയ്ക്കാൻ സഹായിക്കുന്ന 2-ഡി.ജി രാജ്യം വെല്ലുവിളി നേരിടുന്ന സമയത്ത് വന്ന പ്രതീക്ഷയുടെ കിരണമാണെന്നും ,കൊവിഡിനെ തോൽപ്പിക്കുന്നതിൽ നിർണായക പങ്കു വഹിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മരുന്ന് വികസിപ്പിച്ച ശാസ്ത്രജ്ഞരെ പിന്നീട് പ്രത്യേകം ആദരിക്കും.

ഈ മരുന്ന് ഇന്ത്യയ്ക്കു പുറമെ ആഗോളതലത്തിലും വൈറസിനെതിരായ പോരാട്ടത്തിൽ നിർണായകമാകുമെന്ന് ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. 2-ഡി.ജി നിർമ്മിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറീസ് രോഗികൾക്ക് മരുന്നെത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡി.ആർ.ഡി.ഒ ചെയർമാനും പ്രതിരോധ സെക്രട്ടറിയുമായ ഡോ. ജി. സതീഷ് റെഡ്ഡി അറിയിച്ചു.

വെള്ളത്തിൽ അലിയിച്ച് കഴിക്കുന്ന പൊടി രൂപത്തിലുള്ള മരുന്ന് വൈറസ് ബാധിച്ച കോശങ്ങളെ തെരഞ്ഞുപിടിച്ച് പ്രവർത്തിക്കും. മിതമായും തീവ്രമായും രോഗമുള്ളവരിൽ വൈറസ് പെരുകുന്നത് തടഞ്ഞ്,​ രണ്ടര ദിവസം നേരത്തേ രോഗമുക്തിയുണ്ടാകും. ജനിതകമാറ്റം വന്ന വൈറസിനും ഫലപ്രദമാണെന്നും ഓക്സിജൻ ചികിത്സ കുറയ്‌ക്കാമെന്നും തെളിഞ്ഞിട്ടുണ്ട്.