vaccine

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ രക്തസ്രാവം, രക്തം കട്ടപിടിക്കൽ എന്നീ പാർശ്വഫലങ്ങൾ വളരെ കുറവാണെന്ന് വിദഗ്ദ്ധസമിതി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. കൊവിഷീൽഡ് സ്വീകരിച്ച 26 പേരിൽ ഇത്തരം സംഭവങ്ങളുണ്ടായി. കൊവാക്സിനെടുത്തവരിൽ സാരമായ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ഇത്തരം സംഭവങ്ങൾ പത്തുലക്ഷം ഡോസിൽ 0.61 കേസുകൾ മാത്രമാണ്. ജർമ്മനിയിൽ ഇത് 10 ലക്ഷം ഡോസിൽ 10 കേസുകളും ബ്രിട്ടനിൽ നാലു കേസുകളുമാണെന്നും വാക്സിനേഷന്റെ പ്രതികൂലഫലങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതി ആരോഗ്യമന്ത്രാലയത്തെ അറിയിച്ചു.

എങ്കിലും ഇത്തരം പ്രതികൂല സംഭവങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് വാക്സിനെടുക്കുന്നവ‌രെ ആരോഗ്യപ്രവർത്തകർ ബോധവത്കരിക്കണം. കൊവിഡ് വാക്‌സിനെടുത്ത് (പ്രത്യേകിച്ച് കൊവിഷീൽഡ്) 20 ദിവസത്തിനുള്ളിൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, കൈകാലുകൾക്കുള്ള വേദന, നിരന്തരമായ വയറുവേദന, കണ്ണുവേദന, കാഴ്ച തടസം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ വാക്സിനെടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.

കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്ന സംഭവങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലുണ്ടായതിനെ തുടർന്നാണ് വാക്സിനേഷന്റെ പ്രതികൂല ഫലങ്ങൾ പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. ചില രാജ്യങ്ങൾ കൊവിഷീൽഡ് ഉപയോഗിക്കുന്നത് താത്കാലികമായി നിറുത്തിവച്ചിരുന്നു.
ഏപ്രിൽ മൂന്നുവരെ 7,​54,​35,​381 ഡോസുകളാണ് ഇന്ത്യയിൽ കുത്തിവച്ചത്. ഇതിൽ 6,​86,​50,​819 ഡോസുകൾ കൊവിഷീൽഡും ബാക്കി കൊവാക്സിനുമാണ് നൽകിയത്. വാക്സിനെടുത്തവരിൽ രാജ്യത്തെ 684 ജില്ലകളിൽ നിന്നായി 23,​000ത്തിലേറെ പ്രതികൂല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ ഗുരുതരാവസ്ഥയുള്ള 700 കേസുകളിൽ 498 എണ്ണമാണ് സമിതി വിശദമായി പരിശോധിച്ചത്. ഇതിൽ കൊവിഷീൽഡ് സ്വീകരിച്ച 26 പേരിൽ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് ദശലക്ഷം ഡോസിൽ 0.61 കേസ് എന്ന നിലയിൽ മാത്രമാണ്. കൊവാക്സിനെടുത്തവരിൽ ഇത്തരം പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രക്തം കട്ടപിടിക്കുന്നത് സാധാരണ ജനങ്ങളിലുണ്ടാകാറുണ്ടെങ്കിലും യൂറോപ്യൻ വംശജരെ അപേക്ഷിച്ച് സൗത്ത്, സൗത്ത് ഈസ്റ്റ് ഏഷ്യൻ വംശജർക്ക് അപായ സാദ്ധ്യത 70 ശതമാനം കുറവാണെന്ന ശാസ്ത്രീയ പഠനങ്ങളുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.