mamtha

ന്യൂഡൽഹി: പശ്ചിമബംഗാളിൽ തൃണമൂൽ സർക്കാർ അധികാരമേറ്റ് ദിവസങ്ങൾ പിന്നിടവെ, കൈക്കൂലി കേസിൽ രണ്ട് മന്ത്രിമാരെയും ഒരു എം.എൽ.എയെയും മറ്റൊരു നേതാവിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലെ സി.ബി.ഐ ഓഫീസിൽ ആറുമണിക്കൂറോളം മുഖ്യമന്ത്രി മമതാ ബാനർജി കുത്തിയിരുന്നു. 'എന്നെയും അറസ്റ്റ് ചെയ്യൂ' എന്ന് മമത സി.ബി.ഐ ഉദ്യോഗസ്ഥരോട് ആക്രോശിച്ചു. ഓഫീസിന് പുറത്ത് തൃണമൂൽ പ്രവർത്തകരുടെ പ്രതിഷേധം അക്രമാസക്തമായി. പിന്നാലെ മന്ത്രിമാരുൾപ്പെടെ നാലുപേർക്കും ജാമ്യം ലഭിച്ചു.

തിരഞ്ഞെടുപ്പിന് പിന്നാലെ അരങ്ങേറിയ അക്രമസംഭവങ്ങളെ ചൊല്ലി ബി.ജെ.പിയും തൃണമൂലും കൊമ്പുകോർക്കുന്നതിനിടെയാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഇടപെടൽ.

2016ലെ നാരദാ ഒളികാമറാ ഓപ്പറേഷനിൽ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് 2017ഏപ്രിലിൽ എടുത്ത കേസിലാണ് മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതാ മുഖർജി, എം.എൽ.എ മദൻമിത്ര, മുൻ കൊൽക്കത്താ മേയർ സൊവാൻ ചാറ്റർജി എന്നിവരെ സി.ബി.ഐ അറസ്റ്റുചെയ്‌തത്. നാലുപേരും മമതാ മന്ത്രിസഭയിൽ അംഗങ്ങളായിരിക്കെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

വസതികളിൽ റെയ്ഡ് നടത്തി രണ്ടു മന്ത്രിമാരെയും എം.എൽ.എയേയും സി.ബി.ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്താ നിസാം പാലസിലെ സി.ബി.ഐ ഓഫീസിലേക്ക് കുതിച്ചെത്തുകയായിരുന്നു. ചട്ടങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് മമത ആരോപിച്ചു. മന്ത്രിമാർക്കൊപ്പം തന്നെയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് മമത ധർണ നടത്തി. ഇതേ സമയം ഓഫീസിന് മുന്നിൽ തടിച്ചുകൂടിയ തൃണമൂൽ പ്രവർത്തകർ അക്രമാസക്തരാകുകയും കേന്ദ്രസേനയ്ക്ക് നേരെ കല്ലെറിയുകയും ചെയ്‌തു. ഒരു കൂട്ടം പ്രവർത്തകർ രാജ്‌ഭവന് മുന്നിലും പ്രതിഷേധിച്ചു.

മന്ത്രിമാരെയും എം.എൽ.എയും അറസ്റ്റ് ചെയ്യാൻ തന്റെ അനുമതി തേടിയിട്ടില്ലെന്ന് സ്പീക്കർ ബിമൻ ബാനർജി പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയിലും സ്പീക്കറായിരുന്ന ബിമൻ ബാനർജിയെ മറികടന്ന് സി.ബി.ഐ നൽകിയ അപേക്ഷയിൽ ഗവർണർ ജഗ്ദീപ് ധൻകറാണ് അറസ്റ്റിന് അനുമതി നൽകിയത്. എന്നാൽ കേസിൽ ഉൾപ്പെട്ട പിന്നീട് ബി.ജെ.പിയിൽ ചേർന്ന മുകുൾ റോയ്, സുവേന്ദു അധികാരി തുടങ്ങിയ നേതാക്കളെ ഒഴിവാക്കിയാണ് നടപടി. അറസ്റ്റിലായ സൊവാൻ ചാറ്റർജി ഇടയ്ക്ക് ബി.ജെ.പിയിൽ ചേർന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകാത്തതിൽ ചൊടിച്ച് തൃണമൂലിൽ മടങ്ങിയെത്തിയിരുന്നു.

രാജ്‌‌ഭവന് മുന്നിലും സി.ബി.ഐ ഓഫീസിന് മുന്നിലും നടന്ന അക്രമാസക്തമായ പ്രതിഷേധത്തെ അപലപിച്ച ഗവർണർ ജഗ്ദീപ് ധൻകർ മുഖ്യമന്ത്രി മമതാ ബാനർജിയെ കുറ്റപ്പെടുത്തി ട്വീറ്റു ചെയ്‌തു. മുഖ്യമന്ത്രി ഭരണഘടനാ തത്ത്വങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ ഗവർണർ ക്രമസമാധാനം തകർക്കാൻ മമത കൂട്ടുനിന്നുവെന്നും ആരോപിച്ചു.

ബംഗാളിൽ നിക്ഷേപം നടത്താനെത്തിയ ബിസിനസുകാരെന്ന വ്യാജേന ഒരു ഓൺലൈൻ മാദ്ധ്യമത്തിന്റെ പ്രതിനിധികൾ മന്ത്രിമാർക്ക് നാലും അഞ്ചും ലക്ഷം രൂപ കൈക്കൂലി നൽകുന്നതിന്റെ ഒളികാമറാ ദൃശ്യങ്ങൾ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പുറത്തുവന്നത്.