ന്യൂഡൽഹി: കൊവിഡ് മുക്തരായവർക്ക് വാക്‌സിൻ നൽകുന്നത് ആറ് മുതൽ ഒമ്പത് മാസം വരെ നീട്ടണമെന്ന് രോഗപ്രതിരോധവുമായി ബന്ധപ്പെട്ട വിദഗ്ദ്ധസമിതി ശുപാർശ ചെയ്തു. രോഗമുക്തരായവർക്ക് ഈ കാലയളവിനുള്ളിൽ വീണ്ടും രോഗം വരാൻ സാദ്ധ്യതയില്ലെന്നാണ് ദേശീയ അന്താരാഷ്ട്രതലത്തിലെ ഡേറ്റാകൾ വിശകലനം ചെയ്ത സമിതി കേന്ദ്രസർക്കാരിനെ അറിയിച്ചത്. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രാലയം ഉടൻ തീരുമാനമെടുക്കും.
സംസ്ഥാനങ്ങളിൽ കൊവിഡ് വാക്സിൻ ക്ഷാമം തുടരുന്നതിനിടെയാണ് പുതിയ നിർദ്ദേശമെന്നതും ശ്രദ്ധേയമാണ്. കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള 12 മുതൽ 16 ആഴ്ചവരെ നീട്ടണമെന്ന സമിതിയുടെ നിർദ്ദേശം കേന്ദ്രം അംഗീകരിച്ചിരുന്നു.
കൊവിഡ് മുക്തരായവർ ആറുമാസത്തിന് ശേഷം വാക്സിനെടുത്താൽ മതിയെന്നാണ് കഴിഞ്ഞ ദിവസം നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ.വി.കെ. പോൾ പറഞ്ഞത്.